മൂന്ന് ഇരുമ്പ് പൈപ്പുകള്‍; തുറന്നപ്പോള്‍ പൊലീസ് കണ്ടത് കഞ്ചാവ്; കൊച്ചിയില്‍ വന്‍ ലഹരിവേട്ട
കൊച്ചി: കളമശ്ശേരി ഏലൂരില്‍ വന്‍ കഞ്ചാവ് വേട്ട. പശ്ചിമബംഗാള്‍ സ്വദേശിയില്‍ നിന്നും 20 കിലോയില്‍ അധികം വരുന്ന കഞ്ചാവ് പിടികൂടി. മൂന്ന് ഇരുമ്പ് പൈപ്പുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതി കുറച്ചുനാളായി പ്രദേശത്ത് കഞ്ചാവ് വില്‍ക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. എറണാകുളം നര്‍ക്കോട്ടിക്‌സ് എസിപി ആനന്ദലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.
മൂന്ന് പൈപ്പിനുള്ളില്‍ ഹൈഡ്രോളിക് മെഷീന്‍ ഉപയോഗിച്ച് കഞ്ചാവ് കുത്തിനിറച്ച് ടൂറിസ്റ്റ് ബസിലാണ് കടത്തിയത്. മറ്റുള്ളവര്‍ക്ക് മണം കിട്ടാതിരിക്കാനാണ് ഇങ്ങനെ പൈപ്പുകളിലാക്കിയതെന്ന് എസിപി പറഞ്ഞു. ഇരുമ്പ് പൈപ്പുകള്‍ പൊട്ടിച്ച് കഞ്ചാവ് പുറത്തെടുക്കാന്‍ പൊലീസിനും ഫയര്‍ഫോഴ്‌സിനും മണിക്കൂറുകള്‍ കഷ്ടപ്പെടേണ്ടി വന്നു. ഒരാഴ്ചക്കുള്ളില്‍ കൊച്ചിയില്‍ നടന്ന മൂന്നാമത്തെ വലിയ കഞ്ചാവ് വേട്ടയാണിത്.