ഇടുക്കി രൂപതയില്‍ മൂന്ന് ദേവാലയങ്ങള്‍ ഫ്രാന്‍സിസ്‌കന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു

 
idukkki roopatha



കരിമ്പന്‍: വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ സ്വര്‍ഗ പ്രവേശനത്തിന്റെ 800-ാം വാര്‍ഷികത്തോടനുബന്ധിച്ച് ലെയോ പതിനാലാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ച ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ രൂപതയിലെ മൂന്ന് ദേവാലയങ്ങള്‍ ഫ്രാന്‍സിസ്‌കന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍, മച്ചിപ്ലാവ് സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയം, രാജാക്കാട് ക്രിസ്തുരാജാ ഫൊറോന ദേവാലയം എന്നിവയാണ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍. 2027 ജനുവരി 10 വരെ ഈ ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് നിര്‍ദിഷ്ട ആത്മീയ വ്യവസ്ഥകളോടെ പ്രാര്‍ഥിക്കുന്നവര്‍ക്ക് പൂര്‍ണദണ്ഡ വിമോചനവും പ്രഖ്യാപിച്ചിട്ടുണ്ട്.

വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്കു മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫ്രാന്‍സിസ്‌കന്‍ വര്‍ഷാചരണം ആത്മീയ ജീവിതത്തില്‍ നമുക്ക് ലഭ്യമായ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്തുവിന്റെ ജീവിതത്തോട് താദാത്മ്യം പ്രാപിക്കാന്‍ പരിശ്രമിച്ച രണ്ടാം ക്രിസ്തു എന്ന അപരനാമത്തിന് അര്‍ഹനായ വിശുദ്ധനാണ് വിശുദ്ധ ഫ്രാന്‍സിസ് അസീസി. ഫ്രാന്‍സിസിനെപോലെ സ്‌നേഹത്തിലും സമാധാനത്തിലും വളരുന്നതിനും സമാധാന സന്ദേശം ലോകം മുഴുവന്‍ വ്യാപിപ്പിക്കുന്നതിനും ഈ വര്‍ഷാചരണം ഇടവരുത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മച്ചിപ്ലാവ് സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് കോതമംഗലം രൂപത മുന്‍ മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ കാര്‍മികത്വം വഹിച്ചു. ഇടവക തീര്‍ത്ഥാടന കേന്ദ്രമാക്കിക്കൊണ്ടുള്ള രേഖ രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ വായിച്ചു. തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനായി കേന്ദ്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുള്ളതായി വികാരിമാര്‍ അറിയിച്ചു. ഫാ. ടോമി ആനിക്കുഴിക്കാട്ടില്‍, ഫാ. ജോസ് കൊച്ചുപുരയ്ക്കല്‍, ഫാ. മാര്‍ട്ടിന്‍ പൊന്‍പനാല്‍, ഫാ. ജോര്‍ജ് തകിടിയേല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Tags

Share this story

From Around the Web