നെടുമങ്ങാടിന് ഓണ സമ്മാനമായി മൂന്ന് വമ്പന്‍ ടൂറിസം പദ്ധതികള്‍; പ്രഖ്യാപിച്ച് മന്ത്രി മുഹമ്മദ് റിയാസ്

ടൂറിസം മേഖലയില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ മൂന്ന് വമ്പന്‍ പദ്ധതികള്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു. ടെക്‌നോ സിറ്റിയിലെയും വെള്ളാനിക്കല്‍ പാറയിലെയും ടൂറിസം പദ്ധതികളും നെടുമങ്ങാട് ഹാപ്പിനസ് പാര്‍ക്കും മണ്ഡലത്തിലെ മുഖച്ഛായ മാറ്റുമെന്നും സംസ്ഥാനം തന്നെ ഉറ്റുനോക്കുന്ന പദ്ധതികളാണ് ഇവയെന്നും മന്ത്രി പറഞ്ഞു.
എല്ലാ മേഖലയിലും നെടുമങ്ങാട് വികസനത്തിന്റെ പാതയിലാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. നെടുമങ്ങാട് ആശുപത്രിയില്‍ ആറ് നിലകളുള്ള പുതിയ കെട്ടിടത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി മന്ത്രി അറിയിച്ചു.
മണ്ഡലത്തിലെ എല്ലാ റോഡുകളും ബി എം- ബി സി നിലവാരത്തിലേക്ക് ഉയര്‍ത്താനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഴയകടയില്‍ നിന്ന് പഴകുറ്റി വരെ 9.5 കി.മി റോഡിനായി 1185 കോടി രൂപ കൈമാറിയതായി അദ്ദേഹം അറിയിച്ചു. ടൂറിസം മേഖലയില്‍ 100 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് ഓണോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആയിരുന്നു മന്ത്രിമാര്‍ സംസാരിച്ചത്.