ഭീഷണിയും വിലക്കും; ഛത്തീസ്ഗഡിലെ ക്രൈസ്തവ കുടുംബങ്ങള്‍ വെല്ലുവിളി നേരിടുന്നതായി റിപ്പോര്‍ട്ട്

 
chatisgarh


നാരായണ്‍പൂര്‍, ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ ക്രൈസ്തവര്‍ മതസ്വാതന്ത്ര്യത്തിന് വലിയ വെല്ലുവിളികള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്. 


വ്യാജ മതപരിവര്‍ത്തന ആരോപണം ഉന്നയിച്ച് സംഘര്‍ഷം അരങ്ങേറിയ സ്ഥലമാണിത്.


 ഒത്തുതീര്‍പ്പിന്റെ ഭാഗമായി നിരവധി ക്രിസ്ത്യന്‍ കുടുംബങ്ങളോട് പ്രാര്‍ത്ഥനകളും മറ്റ് വിശ്വാസപരമായ പ്രവര്‍ത്തനങ്ങളും നടത്തുന്നത് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.

നേരത്തെ ക്രിസ്ത്യന്‍ കുടുംബങ്ങളുടെ സാന്നിധ്യത്തെയും വിശ്വാസപരമായ ആചാരങ്ങളെയും കുറിച്ച് ചിലര്‍ എതിര്‍പ്പ് ഉന്നയിക്കുകയായിരിന്നു. ഇതിന് പിന്നാലെ ഗ്രാമത്തില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യമായപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ജില്ലാ അധികാരികള്‍ ഇടപെട്ടു. 


എന്നാല്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കിടയിലും വീടുകളിലെ പ്രാര്‍ത്ഥനകള്‍, വിശ്വാസപരമായ ഒത്തുചേരലുകള്‍ എന്നിവയുള്‍പ്പെടെയുള്ള ക്രൈസ്തവ ആരാധനയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ച് 'കാത്തലിക് കണക്ട്' റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലെ സാഹചര്യങ്ങള്‍ ആശങ്കാജനകമാണെന്ന് വിവിധ ക്രൈസ്തവ സംഘടന വക്താക്കള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 


ഇത്തരം നിയന്ത്രണങ്ങള്‍ ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നു യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ ദേശീയ കോര്‍ഡിനേറ്ററും ഡല്‍ഹി അതിരൂപതയുടെ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റുമായ എ.സി. മൈക്കല്‍ പറഞ്ഞു. 


നിയന്ത്രണങ്ങള്‍ ഭരണഘടനാ വിരുദ്ധവും ഇന്ത്യയുടെ ജനാധിപത്യ തത്വങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരുടെയോ അവരുടെ പ്രിയപ്പെട്ടവരുടെയോ മൃതദേഹം അടക്കം ചെയ്യുന്നതിന് പോലും തീവ്രഹിന്ദുത്വവാദികള്‍ തടസ്സം ഉന്നയിച്ച ജില്ലയാണ് നാരായണ്‍പൂര്‍.

Tags

Share this story

From Around the Web