സ്ഥലംമാറ്റ ഉത്തരവിന്റെ പേരില്‍ ഭീഷണിപ്പെടുത്തി; ശ്രീറാം സാംബശിവ റാവുവിനെതിരേ എക്സൈസ് ഇന്‍സ്പെക്ടറുടെ പരാതി
തിരുവനന്തപുരം: എക്സൈസ് കമ്മീഷണറായിരിക്കെ സ്ഥലംമാറ്റ ഉത്തരവിന്റെ പേരില്‍ ഡോ. വി. ശ്രീറാം സാംബശിവ റാവു തന്ന ഭീഷണിപ്പെടുത്തിയെന്ന് കാട്ടി എക്സൈസ് ഇന്‍സ്പെക്ടര്‍ ആരോണ്‍ കോശി വര്‍ഗീസ് പരാതി നല്‍കി.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരുടെയും ഇന്‍സ്പെക്ടര്‍മാരുടെയും സ്ഥലംമാറ്റ പട്ടിക തയ്യാറാക്കുന്ന ചുമതല വഹിച്ചിരുന്ന ആരോണ്‍, എക്സൈസ് മന്ത്രി എം. ലിജുവിനാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് സ്ഥലംമാറ്റ പട്ടിക തയ്യാറാക്കുന്നതിനുള്ള ചുമതല ആരോണ്‍ ഏറ്റെടുത്തത്.
തുടര്‍ന്ന് മൂന്നാം തീയതി പട്ടിക പൂര്‍ത്തിയാക്കുകയും നാലാം തീയതി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ഇതിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കുകയും ചെയ്തിരുന്നു. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് പരാതിക്കിടയാക്കിയ സംഭവം നടക്കുന്നത്.
ആറാം തീയതി രാവിലെ ആരോണിനെയും സെക്ഷന്‍ സൂപ്രണ്ടിനെയും എക്സൈസ് കമ്മീഷണര്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
പട്ടിക താന്‍ കണ്ടില്ലെന്ന് ആരോപിച്ച് ശകാരിക്കുകയും, എക്സൈസ് അസോസിയേഷനും മന്ത്രിയുടെ ഓഫീസും ഇടപെട്ടാണ് പട്ടിക തയ്യാറാക്കിയതെന്ന് നിര്‍ബന്ധിച്ച് എഴുതി വാങ്ങിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് ആരോണിന്റെ ആരോപണം.