ജനങ്ങളുടെ ജീവന് ഭീഷണി; അനധികൃത വാക്വം ലിഫ്റ്റുകളുടെ പ്രവർത്തനം തടയണമെന്ന് ഹൈക്കോടതി

 
court

സുരക്ഷിതത്വവും നിയമപരമായ അനുമതികളുമില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത വാക്വം ലിഫ്റ്റുകളുടെ പ്രവര്‍ത്തനം ഉടൻ തടയണമെന്ന് ഹൈക്കോടതി. കേരള എലിവേറ്റര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ (കീമ) നൽകിയ ഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് വിധി. ഇത്തരം ലിഫ്റ്റുകളുടെ പ്രവർത്തനം പരിശോധിച്ച് നടപടിയെടുക്കാൻ 2024-ൽ നൽകിയ ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്നാണ് കോടതിയുടെ ഈ കര്‍ശന ഇടപെടൽ.

രാജ്യത്ത് നിലവിലുള്ള സാങ്കേതിക നിയമങ്ങളോ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് വാക്വം ലിഫ്റ്റുകൾ പ്രവർത്തിക്കുന്നതെന്ന് കീമ ഭാരവാഹികൾ വ്യക്തമാക്കി. സാധാരണ ലിഫ്റ്റുകളിലുള്ളതുപോലെ അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സംവിധാനങ്ങളോ, പിറ്റിന്റെ ആഴം, ഓവര്‍ഹൈഡ് ഉയരം എന്നിവ സംബന്ധിച്ച കൃത്യമായ സ്റ്റാൻഡേർഡുകളോ ഇവയ്ക്കില്ല. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേർഡിന്റെയോ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ട്രേറ്റിന്റെയോ യാതൊരുവിധ അനുമതിയും നേടാതെയാണ് ഇവയുടെ പ്രവർത്തനമെന്നും അവർ കൂട്ടിച്ചേർത്തു.

Also Read:സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ

സമൂഹമാധ്യമങ്ങളിലൂടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരം അനധികൃത ഇടപാടുകൾ നടക്കുന്നത്. സാങ്കേതിക തകരാറുകൾ മൂലം പലതവണ അപകടങ്ങൾ നടന്നിട്ടുണ്ടെങ്കിലും നിയമപരമായ പരിരക്ഷ ഇല്ലാത്തതിനാൽ അവയൊക്കെ പുറത്തറിയാതെ മൂടിവയ്ക്കപ്പെടുകയാണ്. ചെന്നൈ ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് ഇതിന്റെ നിർമാണവും വില്‍പ്പനയും നടത്തുന്നത്. നിയമസംവിധാനങ്ങളെ വെല്ലുവിളിച്ച് കൊച്ചിയിൽ ഈ കമ്പനിയുടെ ഓഫീസ് പ്രവർത്തിക്കുന്നുണ്ടെന്നും കീമ ഭാരവാഹികൾ ആരോപിച്ചു.

രാജ്യത്തെ നിയമപ്രകാരം ഒന്നര മീറ്ററിലേറെ ഉയരത്തിലേക്ക് ആളുകളെ കൊണ്ടുപോകുന്ന എല്ലാ ഉപകരണങ്ങൾക്കും ലൈസൻസും യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷയും നിർബന്ധമാണ്. എന്നാൽ അനുമതികളൊന്നുമില്ലാത്തതിനാൽ വാക്വം ലിഫ്റ്റുകൾക്ക് യാതൊരുവിധ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കാറില്ല. അതിനാൽ ഇവയിലുണ്ടാകുന്ന അപകടങ്ങൾക്ക് നിയമപരമായ പരിരക്ഷയും ഉണ്ടാകില്ല. ജനങ്ങളുടെ ജീവന് ഭീഷണിയായ ഇത്തരം വാക്വം ലിഫ്റ്റുകളുടെ പ്രവര്‍ത്തനം അടിയന്തരമായി അവസാനിപ്പിക്കാൻ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം.

Tags

Share this story

From Around the Web