നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; കോഴിക്കോട്ട് നിര്‍ത്തിയിട്ട ബസില്‍ 20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

 
3456



കോഴിക്കോട്: നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പുതുപ്പാടി പെരുമ്പള്ളി സ്വദേശിനിയായ ഇരുപതുകാരിയെ പലതവണ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയില്‍ രണ്ട് സ്വകാര്യ ബസ് ജീവനക്കാര്‍ അറസ്റ്റില്‍. നരിക്കുനി ഭാഗത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ദലിത് പെണ്‍കുട്ടിയാണ് ക്രൂരമായ പീഡനത്തിനിരയായത്. അടിവാരംകോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറും ക്ലീനറുമാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ സ്വദേശികളായ കെ.കെ. അനീഷ് (38), പി.എസ്. സജിത്ത് (24) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളായ അനീഷ് ബസിന്റെ ഡ്രൈവറും സജിത്ത് ക്ലീനറുമാണ്.

പൊലീസിന് യുവതി നല്‍കിയ മൊഴിപ്രകാരം കഴിഞ്ഞ ഏപ്രിലിലാണ് ആദ്യമായി പീഡനത്തിനിരയായത്. ജോലി കഴിഞ്ഞ് നരിക്കുനി ബസ് സ്റ്റാന്‍ഡിലേക്ക് നടന്നുപോകുന്നതിനിടെ പിതാവിന്റെ പരിചയക്കാരായ പ്രതികള്‍ കാറിലെത്തി യുവതിയെ സമീപിക്കുകയായിരുന്നു. മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയശേഷം കാറില്‍ കയറ്റിക്കൊണ്ടുപോയി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. 

തുടര്‍ന്ന് യുവതിയുടെ നഗ്‌നഫോട്ടോകളും വീഡിയോകളും പകര്‍ത്തി, ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ഇരയാക്കി. പിന്നീട് സ്വകാര്യ ബസില്‍ കയറ്റിക്കൊണ്ടുപോയി പലതവണയായി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

അടിവാരത്തും പരിസരപ്രദേശങ്ങളിലും ഒന്നാം വളവിന് സമീപത്തെ ആള്‍പ്പെരുമാറ്റം കുറഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ട ബസിന്റെ ഷട്ടറുകള്‍ താഴ്ത്തിയശേഷം പീഡിപ്പിച്ചതെന്നാണ് യുവതിയുടെ മൊഴി. ഇരുവര്‍ക്കും പുറമെ കണ്ടാല്‍ തിരിച്ചറിയാവുന്ന ചിലരും പീഡനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യുവതി സൂചന നല്‍കി. ഇക്കാര്യത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.


ലൈംഗികവും മാനസികവുമായ പീഡനം സഹിക്കാനാകാതെ യുവതി ആദ്യം കൊടുവള്ളി പൊലീസിലും പിന്നീട് കാക്കൂര്‍ പൊലീസിലും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസ് അന്വേഷിച്ച താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പീഡനവുമായി ബന്ധപ്പെട്ട മറ്റ് സാഹചര്യങ്ങളും അന്വേഷിച്ചുവരികയാണെന്ന് താമരശ്ശേരി ഡിവൈഎസ്പി കെ.എ ബോസ് അറിയിച്ചു.

Tags

Share this story

From Around the Web