ജപ്തി ഭീഷണി; പേരാമ്പ്രയില്‍ വീട്ടമ്മ ജീവനൊടുക്കി
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ ജപ്തി ഭീഷണിയില്‍ വീട്ടമ്മ ജീവനൊടുക്കിയതായി പരാതി. പേരാമ്പ്ര കൂത്താളി സ്വദേശി കവിതയാണ് മരിച്ചത്. ബാങ്ക് വായ്പയില്‍ ഇവര്‍ക്ക് ജപ്തി നോട്ടീസ് നല്‍കിയിരുന്നു. നടപടികള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പിനിടെയാണ് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നടുവണ്ണൂര്‍ ശാഖയില്‍ നിന്ന് കവിതയും ഭര്‍ത്താവ് ബാബുവും ചേര്‍ന്ന് വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് ജപ്തി നോട്ടീസ് നല്‍കിയിരുന്നു. 50 ലക്ഷത്തിനടുത്ത് വായ്പയടയ്ക്കാനുണ്ടായിരുന്നു.
ബാങ്കിനെ സമീപിച്ച് സാവകാശം തേടിയെങ്കിലും അത് ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. നടപടികളുടെ ഭാഗമായി ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴാണ് വീട്ടമ്മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച കവിതയുടെ ബന്ധുക്കള്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.