ജപമാല മാസത്തിന് മുന്നോടിയായി അമേരിക്കയില്‍ നടന്ന തീര്‍ത്ഥാടനത്തില്‍ ആയിരങ്ങളുടെ പങ്കാളിത്തം
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡി.സിയിലെ അമലോത്ഭവ മാതാവിന്റെ ബസിലിക്കയില്‍ നടന്ന ജപമാല തീര്‍ത്ഥാടനത്തില്‍ ആയിരങ്ങളുടെ പങ്കാളിത്തം. ഒക്ടോബറിലെ ജപമാല മാസത്തിന് മുന്നോടിയായി നടന്ന ആത്മീയ സംഗമത്തില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം വിശ്വാസികളാണ് എത്തിയത്. പതിനായിരക്കണക്കിന് ആളുകള്‍ യൂട്യൂബിലെ തത്സമയ സംപ്രേക്ഷണം വഴിയും ഇതില്‍ പങ്കെടുത്തു.
സെന്റ് ജോസഫ് പ്രൊവിന്‍സിലെ ഡൊമിനിക്കന്‍ സന്യാസിമാര്‍ സംഘടിപ്പിച്ച പരിപാടിയില്‍, ദിവ്യകാരുണ്യ ആരാധനയില്‍ പങ്കുചേരുന്നതിനും അനുരഞ്ജന കൂദാശ സ്വീകരിക്കുന്നതിനുമുള്ള അവസരങ്ങള്‍ ഒരുക്കിയിരുന്നു. ഓരോ വര്‍ഷവും ഈ തീര്‍ത്ഥയാത്ര വിപുലമായിക്കൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ ആളുകള്‍ പ്രാര്‍ത്ഥനയ്ക്കായി ഓരോ വര്‍ഷവും ഒന്നുചേരുകയാണെന്നും ആ പ്രാര്‍ത്ഥനകള്‍ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തപ്പെടുകയാണെന്നും സെന്റ് ജോസഫ് പ്രൊവിന്‍സിലെ സാമൂഹിക ആശയവിനിമയ വിഭാഗം പ്രൊമോട്ടര്‍ ജനറലായ ഡൊമിനിക്കന്‍ വൈദികന്‍ ഫാ. പാട്രിക് ബ്രിസ്‌കോ പറഞ്ഞു.
ജപമാല എന്നത് കേവലം ഒരു പ്രാര്‍ത്ഥന മാത്രമല്ലെന്നും, അത് ദൈവവുമായുള്ള ആഴമായ ബന്ധമാണെന്നും പ്രധാന പ്രഭാഷകനായ ഫാ. പീറ്റര്‍ ജോണ്‍ കാമറൂണ്‍ ഓര്‍മ്മിപ്പിച്ചു. മനുഷ്യനെ ദൈവവുമായി ബന്ധിപ്പിക്കുന്ന ചങ്ങലയാണ് ജപമാലയെന്ന് അദ്ദേഹം വ്യക്തമാക്കി. വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, കുമ്പസാരം, ജപമാല പ്രദക്ഷിണം, ആത്മീയ പ്രഭാഷണങ്ങള്‍ എന്നിവ തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടന്നു.