മൊസാംബിക്കില്‍ കൊല്ലപ്പെട്ട ബിഷപ്പ് ഒസോറിയോയ്ക്കു ആയിരങ്ങളുടെ യാത്രാമൊഴി
മാപുടോ: മൊസാംബിക്കില്‍ സായുധധാരികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട കത്തോലിക്കാ മെത്രാന്‍ ഒസോറിയോ സിറ്റോറ അഫോണ്‍സോയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി. ഇന്നലെ ജൂണ്‍ 12 വെള്ളിയാഴ്ച നടന്ന മൃതസംസ്‌ക്കാര ശുശ്രൂഷകളില്‍ രൂപതയ്ക്കകത്ത് നിന്നും പുറത്തു നിന്നുമുള്ള വിശ്വാസികളും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ജൂണ്‍ 11 വ്യാഴാഴ്ച, ബിഷപ്പ് ഒസോറിയോയുടെ മൃതദേഹം ക്വെലിമാനിലെ ഔവര്‍ ലേഡി ഓഫ് ലിബറേഷന്‍ കത്തീഡ്രല്‍ ഇടവകയിലെത്തിച്ചിരിന്നു. ഇവിടെ ആയിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ എത്തിയത്.
ഇന്നലെ ജൂണ്‍ 12 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വിവിധ മെത്രാന്മാരുടെ സാന്നിധ്യത്തില്‍ നടന്ന മൃതസംസ്‌ക്കാര ശുശ്രൂഷകളിലും ആയിരങ്ങള്‍ പങ്കെടുത്തു. സംസ്‌കാര ശുശ്രൂഷകള്‍ക്കും വിശുദ്ധ ബലിയ്ക്കും മൊസാംബിക്കിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലൂയിസ്-മിഗുവല്‍ മുനോസ് കാര്‍ദബ മുഖ്യകാര്‍മ്മികനായി. വിവിധ മെത്രാന്മാര്‍, വൈദികര്‍ എന്നിവര്‍ക്ക് പുറമെ മൊസാംബിക് പ്രസിഡന്റ് ഡാനിയേല്‍ ചാപ്പോ ഉള്‍പ്പെടെയുള്ള ഭരണനേതൃ നിരയിലുള്ളവരും മൃതസംസ്‌ക്കാര ശുശ്രൂഷകളില്‍ സംബന്ധിച്ചു.
ജൂണ്‍ 6ന് പുലര്‍ച്ചെയാണ് കണ്‍സോളറ്റ മിഷ്ണറി സമൂഹത്തിലെ അംഗം കൂടിയായ ബിഷപ്പ് ഒസോറിയോ സിറ്റോറയ്ക്കു നേരെ സായുധധാരികള്‍ വെടിയുതിര്‍ത്തത്. ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായി സ്വരമുയര്‍ത്തിയ വ്യക്തിയായിരിന്നു അദ്ദേഹം. അതേസമയം ക്വെലിമാന്‍ രൂപതാധ്യക്ഷനായ മെത്രാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയതായി അധികൃതര്‍ സ്ഥിരീകരിച്ചു. മെത്രാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളിലെ സുപ്രധാന ചുവടുവയ്പ്പാണ് അറസ്റ്റുകളെന്ന് അന്വേഷണ സംഘം വിശേഷിപ്പിച്ചു. സാംബീസിയ പ്രവിശ്യയിലെ നാഷ്ണല്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സര്‍വീസ് (സെര്‍നിക്) ജൂണ്‍ 11ന് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.