ആയിരക്കണക്കിന് വോട്ടര്‍ ഐഡികള്‍ നര്‍മദയിലൂടെ ഒഴുകിയെത്തി; അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
മധ്യപ്രദേശിലെ ഖര്‍ഗോണ്‍ ജില്ലയില്‍ നര്‍മദാ തീരത്ത് ആയിരക്കണക്കിന് വോട്ടര്‍ ഐഡികള്‍ ഒഴുകിയെത്തി. ഖര്‍ഗോണില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള മണ്ഡലേശ്വറിലെ നദീ തീരത്താണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പൗരന്‍മാര്‍ക്കായി നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ അടിഞ്ഞത്. ഇതില്‍ ഭൂരിപക്ഷവും ഇന്‍ഡോറിലെ റാവ് നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരുടേതാണ്. എങ്ങനെയാണ് കാര്‍ഡുകള്‍ കൂട്ടത്തോടെ നദിയില്‍ എത്തിയതെന്നത് ഇതുവരെയും സ്ഥീരികരിക്കാനായില്ല. വോട്ടര്‍ ഐഡികള്‍ നദിയിലൂടെ ഒഴുകി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. പൊലീസും അധികൃതരും സ്ഥലത്തെത്തി ഐഡി കാര്‍ഡുകള്‍ ശേഖരിച്ചു. സംഭവത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Voter ID Cards Allegedly Found Dumped Along The Banks Of Narmada In MP's Khargone District #Khargone #VoterIDCards #Narmada https://t.co/JFOQMcMESU
— Abhishek Tiwari (@ABHISHEKishere) October 25, 2026
പൊലീസ് ശേഖരിച്ച് ഹാജരാക്കിയ വോട്ടര്‍ ഐഡികള്‍ പരിശോധിച്ച് ഒറിജിനലാണെന്ന് ബോധ്യപ്പെട്ടതോടെ സംഭവത്തില്‍ തഹസില്‍ദാരോട് മഹേശ്വര്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് പുര്‍വ മണ്ഡോലി അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എത്ര കാര്‍ഡുകള്‍ ലഭിച്ചുവെന്ന് ഔദ്യോഗികമായി പറയാന്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ വ്യക്തത വരുമെന്നും അവര്‍ പ്രതികരിച്ചു. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു.
ഞായറാഴ്ച രാവിലെയാണ് നര്‍മദയിലൂടെ ഐഡി കാര്‍ഡുകള്‍ ഒഴുകിയെത്തിയതെന്നും നര്‍മദ നദീ തീരം വൃത്തിയാക്കാനെത്തിയ നിസ്വാര്‍ഥ് സേവാ സമിതിയാണ് വിവരം അറിയിച്ചതെന്നും മണ്ഡലേശ്വര്‍ പൊലീസ് വക്താവ് ശ്വേത ശുക്ല പറഞ്ഞു. വിവരത്തെ തുടര്‍ന്ന് ഉടനടി ഒരു സംഘം പൊലീസിനെ സ്ഥലത്തേക്ക് അയച്ച് കാര്‍ഡുകള്‍ ശേഖരിച്ചുവെന്നും അവര്‍ വിശദീകരിച്ചു.
വോട്ടര്‍ ഐഡികള്‍ കൂട്ടത്തോടെ നദിയില്‍ നിന്ന് കണ്ടെടുത്തതിന് പിന്നാലെ വോട്ട് കൊള്ള നടന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മണ്ഡലേശ്വര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. ഇത്തരത്തില്‍ വോട്ടര്‍മാരുടെ ഐഡി കാര്‍ഡുകള്‍ കൂട്ടത്തോടെ ഒഴുകിയെത്തിയത് സംശയം ജനിപ്പിക്കുന്നുവെന്നും തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ ക്രമക്കേട് നടന്നുവെന്ന് സംശയമുണ്ടെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാവ് രവി നായിക് ആവശ്യപ്പെട്ടു.