ഒഡീഷയില്‍ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ക്രൈസ്തവരുടെ റാലി

റൂര്‍ക്കേല: ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്ര ഹിന്ദുത്വവാദികള്‍ നടത്തുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഒഡീഷയില്‍ പതിനായിരത്തില്‍ അധികം ക്രൈസ്തവരുടെ റാലി.
കത്തോലിക്ക മെത്രാന്മാരുടെ നേതൃത്വത്തില്‍ ഇരുപതിലധികം ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ള പതിനായിരത്തോളം ക്രൈസ്തവരാണ് കിഴക്കന്‍ ഒഡീഷ സംസ്ഥാനത്തെ പ്രധാന തെരുവുകളിലൂടെ മാര്‍ച്ച് നടത്തിയത്.
സംസ്ഥാനത്തും ഇന്ത്യയിലുടനീളവും തീവ്രഹിന്ദുത്വ സംഘടനകള്‍ ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്ന വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളെ അപലപിച്ചായിരിന്നു ഓരോ ചുവടുകളും.
വൈദികര്‍, പാസ്റ്റര്‍മാര്‍, കന്യാസ്ത്രീകള്‍, വിശ്വാസികള്‍ എന്നിവര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ ഒഡീഷയിലും ഇന്ത്യയിലുടനീളവും വര്‍ദ്ധിക്കുകയാണെന്ന് റൂര്‍ക്കേല രൂപത ബിഷപ്പ് കിഷോര്‍ കുമാര്‍ കുജുര്‍ പറഞ്ഞു.
ആക്രമണങ്ങളുടെ ഭയാനകമായ വര്‍ദ്ധനവ് ക്രൈസ്തവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റൂര്‍ക്കേലയില്‍ നടന്ന റാലിയ്ക്കു ശേഷം ബിഷപ്പും 20 ക്രൈസ്തവ നേതാക്കളും ജില്ല ഭരണകൂടത്തിലെ ധീന ദസ്തഗീറിന് മെമ്മോറാണ്ടം സമര്‍പ്പിച്ചു.
ക്രൈസ്തവര്‍ നേരിടുന്ന വിവിധങ്ങളായ ആശങ്ക ശ്രദ്ധയില്‍പ്പെടുത്തുന്നതിനായിരിന്നു ഇത്. ജില്ല ആസ്ഥാനമായ സുന്ദര്‍ഗഡിലും ക്രൈസ്തവര്‍ റാലി നടത്തിയിരിന്നു. റാലിയില്‍ പങ്കെടുത്തവര്‍ ജില്ലാ കളക്ടര്‍ ശുഭാങ്കര്‍ മൊഹപത്രയ്ക്കും സമാനമായ നിവേദനം സമര്‍പ്പിച്ചു.
ഒഡീഷയിലും അയല്‍ സംസ്ഥാനങ്ങളായ ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും സാമൂഹികമായി പിന്നോക്കാവസ്ഥയില്‍ കഴിയുന്ന ദളിത്, ആദിവാസി ക്രൈസ്തവരെ ആക്രമിക്കുന്നുണ്ടെന്ന് സുന്ദര്‍ഗഡില്‍ നടന്ന റാലിക്ക് നേതൃത്വം നല്‍കിയ പ്രൊട്ടസ്റ്റന്റ് നേതാക്കളായ പ്രതാപ് പ്രധാനും ജോണ്‍ ലക്രയും പറഞ്ഞു.
ജൂലൈ 25ന് ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വെച്ച് ആള്‍ക്കൂട്ട വിചാരണയ്ക്കു പിന്നാലേ രണ്ട് കന്യാസ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തതു ഉള്‍പ്പെടെ രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ സമീപകാലത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന പീഡനങ്ങളുടെ പശ്ചാത്തലവും കൂടി കണക്കിലെടുത്താണ് റാലി നടത്തിയത്.