മതസ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടി കൊല്‍ക്കത്തയില്‍ ആയിരക്കണക്കിന് ക്രൈസ്തവരുടെ റാലി

 
christian

കൊല്‍ക്കത്ത: ക്രൈസ്തവ സമൂഹങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുവാനും സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനും ആവശ്യപ്പെട്ടുക്കൊണ്ട് പശ്ചിമ ബംഗാളില്‍ ആയിരക്കണക്കിന് ക്രൈസ്തവര്‍ ഒരുമിച്ച് കൂടി.

ഇന്നലെ നവംബര്‍ 5 വ്യാഴാഴ്ച കൊല്‍ക്കത്തയിലാണ് ആയിരക്കണക്കിന് ക്രൈസ്തവര്‍ റാലി നടത്തിയത്. വിവിധ ക്രൈസ്തവ സഭകളെ ഉള്‍ക്കൊള്ളുന്ന 'ബംഗിയ ക്രിസ്തീയ പരിസേബ' എന്ന കൂട്ടായ്മ ആറ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രാര്‍ത്ഥനാ റാലിയ്ക്കു നേതൃത്വം നല്‍കി.


വിവിധ സഭകളില്‍ നിന്നുള്ള ബിഷപ്പുമാര്‍, വൈദികര്‍, സന്യാസിനികള്‍, പാസ്റ്റര്‍മാര്‍, അല്‍മായര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു. ക്രൈസ്തവര്‍ക്ക് നേരെയുള്ള ഭീഷണി, പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ക്കും പള്ളികള്‍ക്കു നേരെയുള്ള അക്രമങ്ങള്‍, വിശുദ്ധ ബൈബിളിനെയും വിശ്വാസപരമായ വസ്തുക്കളെയും അവഹേളിക്കല്‍ തുടങ്ങിയ സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന പശ്ചാത്തലത്തിലാണ് സമാധാനപരമായ സഹവര്‍ത്തിത്വത്തിനും മതസ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തി റാലി നടന്നത്.


വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍, 11 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങള്‍ ഉള്‍പ്പെടെ റാലിയില്‍ പങ്കെടുത്തതായി സംഘാടകര്‍ അറിയിച്ചു. കൊല്‍ക്കത്ത ആര്‍ച്ച് ബിഷപ്പ് ഏലിയാസ് ഫ്രാങ്ക്, ബരുയിപൂര്‍ ബിഷപ്പ് ശ്യാമള്‍ ബോസ് എന്നിവരും മറ്റ് ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ നേതാക്കളും സംഗമത്തില്‍ പങ്കെടുത്തു.

എസ്പ്ലനേഡിലെ റാണി റാഷ്‌മോണി അവന്യൂവില്‍ നടന്ന പൊതുസമ്മേളനത്തോടെയാണ് റാലി സമാപിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി പശ്ചിമ ബംഗാളില്‍ ക്രൈസ്തവര്‍ക്ക് നേരെ വ്യാപക ആക്രമണമാണ് അരങ്ങേറുന്നത്. ഈ പശ്ചാത്തലത്തിലായിരിന്നു ഭരണകൂടത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച് റാലി നടന്നത്.

Tags

Share this story

From Around the Web