ഓസ്‌ട്രേലിയയിലെ സിഡ്നിയില്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ അനുസ്മരണാര്‍ത്ഥം ആയിരക്കണക്കിന് കത്തോലിക്ക വിശ്വാസികള്‍ ഒത്തുകൂടി
സിഡ്നി: ഓസ്‌ട്രേലിയയിലെ സിഡ്നിയില്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ അനുസ്മരണാര്‍ത്ഥം ആയിരക്കണക്കിന് കത്തോലിക്ക വിശ്വാസികള്‍ ഒത്തുകൂടി.
മനുഷ്യ ജീവിതത്തിന്റെ അന്തസ്സ് സംരക്ഷിക്കപ്പെടണമെന്ന ആഹ്വാനത്തോടെ മാര്‍ച്ച് 22ന് നടന്ന പരിപാടി സെന്റ് മേരീസ് കത്തീഡ്രലില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയാണ് ആരംഭിച്ചത്.
ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍ മുഖ്യകാര്‍മ്മികനായി. തന്റെ പ്രസംഗത്തില്‍, നിരപരാധികളായ ജീവന്റെ നഷ്ടത്തെക്കുറിച്ച് കര്‍ത്താവ് കരയുകയാണെന്നു ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
ദിവ്യബലിയെത്തുടര്‍ന്ന്, നഗരവീഥികളിലൂടെ പാര്‍ലമെന്റ് ഹൗസിലേക്ക് ജപമാല ചൊല്ലിയും ജീവന്റെ മൂല്യം ഉയര്‍ത്തി പിടിച്ചുള്ള പ്ലക്കാര്‍ഡുകള്‍ വഹിച്ചും വലിയ വിശ്വാസ സാക്ഷ്യമാണ് റാലിയില്‍ പങ്കെടുത്തവര്‍ പ്രകടിപ്പിച്ചത്.
റാലിയുടെ സമാപനത്തില്‍ ഫാ. ഡാനിയേല്‍ റൂസോ വിശ്വാസികളെ അഭിസംബോധന ചെയ്തു. 'ജീവന്റെ സംസ്‌കാരം' കെട്ടിപ്പടുക്കുന്നതിനു പ്രതിബദ്ധത നവീകരിക്കണമെന്ന് ആഹ്വാനം ചെയ്തു.
ജീവനെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുക മാത്രമല്ല, സമൂഹത്തില്‍ സ്ത്രീകളുടെ അന്തസ്സും വിളിയും കണ്ടെത്തി ആദരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രോലൈഫ് റാലി വലിയ അനുഭവമായിരിന്നുവെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഓരോ വര്‍ഷവും സിഡ്‌നിയിലെ പ്രോലൈഫ് റാലിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ ഇടവകകളില്‍ നിന്നും യുവജന ഗ്രൂപ്പുകളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നുമുള്ള ആളുകള്‍ റാലിയില്‍ ഒരുമിച്ച് കൂടി. 2001-ലാണ് ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് വേണ്ടി പ്രത്യേക ദിനാചരണവും റാലിയും സിഡ്‌നിയില്‍ ആരംഭിച്ചത്. വിശ്വാസത്തിന്റെ പൊതു പ്രകടനമായാണ് ഇവ വിശേഷിപ്പിക്കപ്പെടുന്നത്.