പെറുവിലെ ദിവ്യകാരുണ്യ അത്ഭുതത്തിന്റെ വാര്‍ഷികത്തില്‍ ഒരുമിച്ച് കൂടിയത് ആയിരങ്ങള്‍
ലിമ: പെറുവില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന്റെ 377-ാം വാർഷികത്തിനു ആയിരക്കണക്കിന് വിശ്വാസികള്‍ ഒരുമിച്ച് കൂടി. ജൂണ്‍ 2 ചൊവ്വാഴ്ച ചിക്ലായോ പ്രവിശ്യയിലെ സിയുഡാഡ് ഈറ്റനിലാണ് മൂന്നര നൂറ്റാണ്ട് മുന്‍പ് നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന്റെ വാര്‍ഷികത്തിനായി വിവിധയിടങ്ങളില്‍ നിന്നെത്തിയ വിശ്വാസികള്‍ ഒരുമിച്ച് കൂടിയത്. തിരുസഭയുടെ ഇപ്പോഴത്തെ തലവനായ ലെയോ പാപ്പ പില്‍ക്കാലത്ത് മെത്രാനായി സേവനം ചെയ്ത രൂപതയാണ് ചിക്ലായോ. 2019-ല്‍ ദിവ്യകാരുണ്യ അത്ഭുതവുമായി ബന്ധപ്പെട്ട വിവിധ രേഖകള്‍ ബിഷപ്പ് റോബര്‍ട്ട് പ്രിവോസ്റ്റ് (ഇപ്പോള്‍ ലെയോ പാപ്പ) ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൈമാറിയിരുന്നു.
പെറുവില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതം എന്തായിരിന്നു?
1649 ജൂൺ 2-ന്, വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ തലേന്നാണ് അത്ഭുതം നടന്നത്. വടക്കൻ പെറുവിലെ ചിക്ലേയോ രൂപതയുടെ കീഴിലുള്ള സിയുഡാഡ് ഈറ്റൻ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ മഗ്ദലന മറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയത്തിലായിരിന്നു അത്ഭുതം. വൈകീട്ട് 5 മണിക്ക് അര്‍പ്പിച്ച വിശുദ്ധ കുർബാനയ്ക്കിടെ ഉണ്ണിയേശുവിന്റെ രൂപം തിരുവോസ്തിയില്‍ പ്രത്യക്ഷപ്പെടുകയായിരിന്നു. ഫ്രാൻസിസ്‌ക്കൻ വൈദികര്‍ ഉള്‍പ്പെടെയുള്ള അനേകരെ അമ്പരപ്പിച്ച് കൊണ്ടായിരിന്നു അത്ഭുതം.
മെറൂൺ നിറത്തിലുള്ള വസ്ത്രവും തോളിന്റെ അത്രയും നീളമുള്ള സുന്ദരമായ മുടിയും ധരിച്ച വശ്യമായ മുഖമുള്ള കുട്ടിയെയാണ് എല്ലാവരും കണ്ടത്. നഗരം മുഴുവൻ "അത്ഭുതം! അത്ഭുതം!" എന്ന വാക്കുകളോടെ ആര്‍പ്പുവിളിയും കരഘോഷവുമായി ജനം തെരുവില്‍ ഇറങ്ങിയെന്നും തുടര്‍ച്ചയായി മണി മുഴക്കിയെന്നുമാണ് ചരിത്ര രേഖകളില്‍ പറയുന്നത്. അതേ വർഷം ജൂലൈ 22നു ഇടവക മധ്യസ്ഥയായ വിശുദ്ധ മഗ്ദലന മറിയത്തിന്റെ തിരുനാള്‍ ദിനത്തിലും വിശുദ്ധ കുർബാനയ്ക്കിടെ ഉണ്ണീശോ വീണ്ടും പ്രത്യക്ഷപ്പെട്ടിരിന്നു.