വല്ലാര്‍പാടം തീര്‍ത്ഥാടത്തിന് ആയിരങ്ങള്‍; തിരുനാള്‍ സെപ്റ്റംബര്‍ 16 മുതല്‍ 24 വരെ ആഘോഷിക്കും

 
VALLAARPADAM THIRUNAL


കൊച്ചി: വരാപ്പുഴ അതിരൂപത ഒരു കുടുംബമായി, പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ സന്നിധിയിലേക്ക് നടത്തിയ തീര്‍ത്ഥാടനത്തില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു. തീര്‍ത്ഥാടനം സ്വര്‍ഗം തുറക്കുന്ന പ്രാര്‍ത്ഥനാനുഭവമാണ് സമ്മാനിച്ചതെന്ന് വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. 


23-ാമത് വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അര്‍പ്പിച്ച പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ ആര്‍ച്ചുബിഷപ് മുഖ്യകാര്‍മികത്വം വഹിച്ചു. കായലില്‍ താഴ്ന്നുപോയ അമ്മയേയും കുഞ്ഞിനെയും തന്റെ കരങ്ങളില്‍ സംരക്ഷിച്ച കാരുണ്യമാതാവ് ദൈവജനത്തേയും സമൂഹത്തേയും കാത്തുസംരക്ഷിക്കുമെന്നും ആര്‍ച്ചുബിഷപ് കൂട്ടിച്ചേര്‍ത്തു.

പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ വിജയപുരം സഹായമെത്രാന്‍ ബിഷപ് ഡോ. ജസ്റ്റിന്‍ മഠത്തില്‍പ്പറമ്പില്‍ വചനസന്ദേശം നല്‍കി. അതിരൂപതാ വികാരി ജനറല്‍മാരായ മോണ്‍.മാത്യു കല്ലിങ്കല്‍, മോണ്‍.മാത്യു ഇലഞ്ഞിമറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്ത് എന്നിവര്‍ക്കൊപ്പം അതിരൂപതയിലെ എല്ലാ വൈദികരും സന്ന്യസ്ത വൈദികരും സഹകാര്‍മികരായി.

 ദിവ്യബലിയെ തുടര്‍ന്ന് തീര്‍ത്ഥാടനത്തിന് എത്തിയ വിശ്വാസികളെ ആര്‍ച്ചുബിഷപ് വല്ലാര്‍പാടത്തമ്മയ്ക്ക് അടിമ സമര്‍പ്പിച്ചു. വല്ലാര്‍പാടത്തമ്മയുടെ ഈ വര്‍ഷത്തെ തിരുനാള്‍ സെപ്റ്റംബര്‍ 16 മുതല്‍ 24 വരെ ആഘോഷിക്കും.

നേരത്തെ എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ അങ്കണത്തില്‍ നിന്നും ആരംഭിച്ച കിഴക്കന്‍ മേഖല തീര്‍ത്ഥാടനവും, ഗോശ്രീ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുമുള്ള തീര്‍ത്ഥാടനവും അതിരൂപത സഹായമെത്രാന്‍ ബിഷപ് ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്തു.

 വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള പതാക അതിരൂപതയിലെ വിവിധ അല്മായ സംഘടന ഭാരവാഹികള്‍ ബിഷപ് ആന്റണി വാലുങ്കലില്‍ നിന്നും ഏറ്റുവാങ്ങിയതോടുകൂടിയാണ് തീര്‍ത്ഥാടനത്തിന് തുടക്കമായത്.

തീര്‍ത്ഥാടന ദീപശിഖ അതിരൂപതയിലെ യുവജന സംഘടന നേതാക്കള്‍ക്ക് ബിഷപ് കൈമാറി. ഗോശ്രീ പാലങ്ങളിലൂടെ വല്ലാര്‍പാടത്തിന്റെ ഇരുവശങ്ങളില്‍ നിന്നും എത്തിയ നാനാജാതി മതസ്ഥരായ തീര്‍ത്ഥാടകരെ ബസിലിക്ക പ്രവേശന കവാടത്തില്‍ വല്ലാര്‍പാടം ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്തും ഇടവക ജനങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. 

വരാപ്പുഴ അതിരൂപതയായി പ്രഖ്യാപിച്ചതിന്റെ ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 140 വര്‍ഷത്തെ അനുസ്മരിച്ചുകൊണ്ട് 140 ബഹുവര്‍ണ ബലൂണുകള്‍ പറത്തി.

Tags

Share this story

From Around the Web