കാഴ്ചപരിമിതിയുള്ളവര്‍ക്ക് കുരിശിന്റെ വഴിയിലൂടെ പ്രാർത്ഥനാപൂർവ്വം യാത്രചെയ്യാം
തൃശൂര്‍: വിശ്വാസവും സാങ്കേതികവിദ്യയും ഒത്തുചേരുന്ന വിപ്ലവമാറ്റത്തിന് തൃശൂര്‍ പുത്തന്‍പള്ളിസാക്ഷ്യം വഹിക്കും. കാഴ്ച പരിമിതിയുള്ളവര്‍ക്കും മറ്റ് ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും കുരിശിന്റെ വഴിയിലെ ഓരോ സ്ഥലവും സ്വയം അനുഭവിച്ചറിയാന്‍ കഴിയുന്ന ലോകത്തിലെ ആദ്യസമ്പൂര്‍ണ്ണ ഭിന്നശേഷി സൗഹൃദ സംവിധാനം 28 ന് വൈകുന്നേരം അഞ്ചിന് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും.
സാധാരണയായി കണ്ടുമാത്രം അനുഭവിക്കുന്ന കുരിശിന്റെ വഴി കാഴ്ചപരിമിതിയുള്ളവര്‍ക്ക്
സ്പര്‍ശനത്തിലൂടെയും, കേള്‍വിയിലൂടെയും ഹൃദയത്തില്‍ തൊട്ടറിയാന്‍ സാധിക്കുന്ന രീതിയിലാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
കുരിശിന്റെ വഴിയിലെ പതിനാല് സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള ത്രിഡി പീഡാനുഭവ ടാക്‌റ്റൈല്‍ ശില്പങ്ങള്‍ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇവ തൊട്ടുനോക്കുന്നതിലൂടെ ചിത്രങ്ങളുടെ ആഴവും ഭാവവും കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും.
ഇതിന് പുറമെ ഓരോ സ്ഥലത്തെയും കുറിച്ച് വിവരിക്കുന്ന ബ്രെയിലി ലിപിയിലുള്ള കുറിപ്പുകളും, സ്മാര്‍ട്ട്‌ഫോണ്‍ വഴി സ്്കാന്‍ ചെയ്യാവുന്ന ക്യൂ.ആര്‍ കോഡ് ഓഡിയോ സംവിധാനവും ഒരുക്കിയിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും കുരിശിന്റെ വഴിയുടെ സന്ദേശം ഇതുവഴി ആര്‍ക്കും വളരെ വ്യക്തമായി കേള്‍ക്കാം.
ആരുടെയും സഹായമില്ലാതെ കുരിശിന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍ സഹായിക്കുന്ന പ്രത്യേക തരം ടാക്‌റ്റൈല്‍ തറയോടുകള്‍ പള്ളിയില്‍ പാകിയിട്ടുണ്ട്. ഈ പദ്ധതിയുടെ നിര്‍മ്മാണത്തില്‍ കാഴ്ചപരിമിതിയുള്ളവര്‍ നേരിട്ട് പങ്കാളികളാവുകയും അവരുടെ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് രൂപകല്‍പ്പന പൂര്‍ത്തിയാക്കുകയും ചെയ്തു.
ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിംഗ് കോളജിലെ ‘സംനിത’ (SAMNITA) സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബാണ് ഈ പദ്ധതി വികസിപ്പിച്ചത്. പുനര്‍ജീവാ ടെക്‌നോളജി സൊല്യൂഷന്‍സുമായി സഹകരിച്ച് വികസിപ്പിച്ച ഈ സംവിധാനത്തില്‍ അത്യാധുനിക സാങ്കേതിക വിദ്യകളുടെയും മാനുഷിക മൂല്യങ്ങളുടെയും മനോഹരമായ സമന്വയം കാണാം. റോബിന്‍ ടോമിയുടെ നേതൃത്വത്തില്‍ നടന്ന ഈ പ്രവര്‍ത്തനത്തെ ‘എംപതി എഞ്ചിനീയറിംഗ്’ എന്നാണ് ജ്യോതി എഞ്ചിനീയറിംഗ് കോളേജ് അക്കാദമിക് ഡയറക്ടര്‍ ഫാ. ജോസ് കണ്ണമ്പുഴ വിശേഷിപ്പിച്ചത്.