ദൈവത്തെ സേവിക്കുന്നവര്‍ സമ്പത്തില്‍ നിന്ന് സ്വതന്ത്രരാകുന്നു: ലിയോ പതിനാലാമന്‍ പാപ്പാ

​​​​​​​

 
leo 1



വത്തിക്കാന്‍:വത്തിക്കാന്‍ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന വിശുദ്ധ അന്നയുടെ നാമധേയത്തിലുള്ള പൊന്തിഫിക്കല്‍ ഇടവക ദേവാലയത്തില്‍ സെപ്റ്റംബര്‍ മാസം ഇരുപത്തിയൊന്നാം തീയതി  ലിയോ പതിനാലാമന്‍ പാപ്പാ വിശുദ്ധ ബലി  അര്‍പ്പിച്ചു. 

ദേവാലയത്തിനു മുന്‍പിലൂടെ, ജോലിക്കായും, തീര്‍ത്ഥാടനത്തിനായും, അതിഥികളായും കടന്നുപോകുന്നവര്‍ക്ക്, പ്രാര്‍ത്ഥനയ്ക്കും, കാരുണ്യപ്രവൃത്തികള്‍ക്കും ഒരു അനുഭവസ്ഥാനമായി ഈ സ്ഥലം മാറട്ടെയെന്നു പാപ്പാ ആശംസിച്ചു.

ദൈവത്തിനും സമ്പത്തിനും ഇടയില്‍ വളരെ വ്യക്തമായ ഒരു നിലപാട് സ്വീകരിക്കുവാനാണ് ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നെതെന്നു പറഞ്ഞുകൊണ്ട്, പാപ്പാ വിശദീകരിച്ചു.

 ഈ തിരഞ്ഞെടുപ്പ്, ആകസ്മികമായതോ, കാലക്രമേണ പരിഷ്‌കരിക്കാന്‍ കഴിയുന്നതോ ആയ ഒന്നല്ലെന്നും, മറിച്ച് യഥാര്‍ത്ഥമായ ഒരു  ജീവിതശൈലി നാം രൂപപ്പെടുത്തിക്കൊണ്ട്, ഹൃദയം എവിടെ  ഉറപ്പിക്കണമെന്നുള്ള ഉറച്ച തീരുമാനമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

നാം നിരാലംബരായ ജീവികളാണെന്നും,  നമ്മുടെ ജീവിതം ആവശ്യങ്ങള്‍ നിറഞ്ഞതാണെന്നും,  നമുക്കെല്ലാവര്‍ക്കും പരിചരണവും വാത്സല്യവും ആവശ്യമാണെന്നും കര്‍ത്താവിനു അറിയാമെന്നും, എന്നാല്‍ ദൈവമില്ലാതെ നമുക്ക് നാനായി ജീവിക്കുവാന്‍ സാധിക്കുമെന്നത് ജീവിതത്തിലെ വലിയ ഒരു പ്രലോഭനമാണെന്നും പാപ്പാ പറഞ്ഞു.

സ്വയം കണക്കുകൂട്ടുവാനും, ശേഖരിച്ചുവയ്ക്കുവാനും, മറ്റുള്ളവരെ സംശയമുനയില്‍ നിര്‍ത്തുവാനും, അവരെ അവിശ്വസിക്കുവാനും പരിശ്രമിക്കാതെ വിശ്വാസത്തോടെ സഹായം ചോദിക്കുന്നതിനും സാഹോദര്യത്തോടെ പങ്കുവച്ചുകൊണ്ടു പങ്കുവയ്ക്കുവാനും നമുക്ക് സാധിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

സമ്പത്തിനെ ആധിപത്യത്തിന്റെ ഉപകരണമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍, ദരിദ്രരെ ചൂഷണം ചെയ്യുന്നുവെന്നും ആമോസ് പ്രവാചകന്റെ വാക്കുകളില്‍ പാപ്പാ ഓര്‍മ്മപ്പെടുത്തി. 

ദൈവവചനം നമ്മെ എല്ലാവരെയും ഒരു ആന്തരിക വിപ്ലവത്തിലേക്ക് നയിക്കുന്നുവെന്നും, അത് ഹൃദയത്തില്‍ നിന്നും ആരംഭിക്കേണ്ടുന്ന പരിവര്‍ത്തനത്തിലേക്ക് ക്ഷണിക്കുന്നുവെന്നും പാപ്പാ എടുത്തുപറഞ്ഞു.

സമ്പത്ത് മനുഷ്യനെതിരായി ഉപയോഗിക്കാനുള്ള താത്പര്യങ്ങളില്‍ നിന്നും ഭരണാധികാരികള്‍ പിന്നോട്ട് മാറണമെന്നും പാപ്പാ ആവശ്യപ്പെട്ടു. സമ്പത്തിനെ സേവിക്കുന്നവര്‍ അതിന്റെ അടിമകളായി തുടരുന്നു എന്നാല്‍, ദൈവത്തെ സേവിച്ചുകൊണ്ട് നീതി തേടുന്നവര്‍ സമ്പത്തിനെ പൊതു നന്മയാക്കി മാറ്റുന്നുവെന്നും പാപ്പാ പറഞ്ഞു.

യുദ്ധം ഗുരുതര ഭീഷണികള്‍ ഉയര്‍ത്തുന്ന ഈ ഒരു സമയത്ത് പ്രത്യാശയില്‍ സ്ഥിരോത്സാഹം കാണിച്ചുകൊണ്ട്, യേശു ലോകത്തിന്റെ രക്ഷകനാണെന്നും, എല്ലാ തിന്മകളില്‍  നിന്നും നമ്മെ മോചിപ്പിക്കുന്നവനാണെന്നും, വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പ്രഖ്യാപിക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.
 

Tags

Share this story

From Around the Web