അവഗണിക്കുന്നവരെ തിരിച്ചും അവഗണിക്കും: മാര്‍ റാഫേല്‍ തട്ടില്‍
കാക്കനാട് : സമുദായത്തിന്റെയും കര്‍ഷകരുടെയും വിഷയങ്ങളില്‍ അവഗണന നടത്തുന്നവരെ തിരഞ്ഞെടുപ്പില്‍ തിരിച്ചും അവഗണിക്കുമെന്നും സമുദായത്തെ പരിഗണിക്കുന്നവരെ തിരിച്ചും പരിഗണിക്കുമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍.
കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന കത്തോലിക്ക കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്യജീവി ആക്രമണത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറായിട്ടില്ല. ദേശീയ വന്യ ജീവി നിയമം ഭേദഗതി ചെയ്യണം.റബ്ബര്‍, നെല്ല് കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കണം. ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നടത്തുന്ന ഒളിച്ചുകളി സമുദായത്തെ അവഹേളിക്കുന്നതാണ്.
ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. അവഗണന തുടര്‍ന്നാല്‍ കൃത്യമായ നിലപാട് സ്വീകരിക്കുവാന്‍ സമുദായം സജ്ജമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
വരുന്ന തിരഞ്ഞെടുപ്പില്‍ സമുദായ അംഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
മത സൗഹാര്‍ദ്ധവും സാഹോദര്യവും നിലനിര്‍ത്തുവാന്‍ കഠിനമായ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും, എല്ലാ വിഭാഗം ജനങ്ങള്‍ക്കും നീതി ലഭ്യമാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് സമ്മേളനം പ്രമേയത്തില്‍ വ്യക്തമാക്കി.
കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സഭ ചാന്‍സലര്‍ ഫാ എബ്രഹാം കാവില്‍പുരയിടം,പി ആര്‍ ഒ ഫാ ടോം ഓലിക്കരോട്ട്, ഡയറക്ടര്‍ ഫാ ഫിലിപ്പ് കവിയില്‍,ജന സെക്രട്ടറി ഡോ ജോസ്‌കുട്ടി ഒഴുകയില്‍, രാഷ്ട്രീയ കാര്യ സമിതി കോര്‍ഡിനേറ്റര്‍ പ്രൊഫ കെ എം ഫ്രാന്‍സിസ്, അഡ്വ ടോണി പുഞ്ചക്കുന്നേല്‍,രാജേഷ് ജോണ്‍, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.