മാര്‍ത്തോമാ സഭയില്‍ വൈദിക പഠനം പൂര്‍ത്തിയായവര്‍ ശെമ്മാശ് പട്ടത്വം സ്വീകരിച്ചു

കോട്ടയം: വൈദിക പഠനം പൂര്‍ത്തിയാക്കിയ മാര്‍ത്തോമാ സഭയുടെ കോട്ടയം - കൊച്ചി ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട 3 പേര്‍ ശെമ്മാശന്മാരായി അഭിഷക്തരായി. എബിന്‍ ജോസഫ് ഫിലിപ്പ്, ക്രിസ്റ്റി കെ. സന്തോഷ്, നിതിന്‍ പി. ഷിബു എന്നിവരുടെ ശെമ്മാശ് പട്ടംകൊട ശുശ്രൂഷ കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ പള്ളിയില്‍ വെച്ച് നടന്നു.
വിശുദ്ധ കുര്‍ബാന മദ്ധ്യേ നടന്ന പട്ടംകൊട ശുശ്രൂഷയ്ക്ക് സഭയുടെ കോട്ടയം - കൊച്ചി ഭദ്രാസന അദ്ധ്യക്ഷന്‍ റൈറ്റ് റവ. തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തിരുവനന്തപുരം - കൊല്ലം ഭദ്രാസന അദ്ധ്യക്ഷന്‍ റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫീലക്സിനോസ് എപ്പിസ്‌കോപ്പ സഹകാര്‍മ്മികനായിരുന്നു. റവ. ഡോ. കോശി പി. വര്‍ഗീസ് ധ്യാനപ്രസംഗം നിര്‍വഹിച്ചു.
എബിന്‍ ജോസഫ് ഫിലിപ്പ് തെള്ളിയൂര്‍ ശാലേം ഇടവകയില്‍ കിഴക്കേല്‍ കുടുംബാംഗവും, ക്രിസ്റ്റി കെ. സന്തോഷ് വെള്ളത്തൂവല്‍ ബെഥേല്‍ ഇടവകയില്‍ കോട്ടയ്ക്കകത്ത് കുടുംബാംഗവും, നിതിന്‍ പി. ഷിബു പുന്നവേലി സെന്റ് തോമസ് ഇടവകയില്‍ മുളയംവേലി എട്ടാനിക്കുഴിയില്‍ കുടുംബാംഗവുമാണ്.