ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും, അനധികൃതമായി ഭൂമി കണ്ടെത്തിയാല്‍ ഷമ്മാസിന് എഴുതികൊടുക്കും'; പോസ്റ്റുമായി പി.പി.ദിവ്യ
 

 
p p divya


 

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടത്തിയ വിവിധ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതിയില്‍ വിജിലന്‍സ് സംഘം അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ഫെയ്‌സ്ബുക്ക് കുറിപ്പുമായി പി.പി.ദിവ്യ. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്നും ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കുമെന്നും ദിവ്യ കുറിച്ചു. മുഹമ്മദ് ഷമ്മാസിന്റെ പരാതിയില്‍ പ്രഖ്യാപിച്ച വിജിലന്‍സ് പ്രാഥമിക അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു, അന്വേഷണം നടത്തി സത്യം പുറത്തുവരട്ടെ, ഏത് അന്വേഷണത്തോടും പൂര്‍ണമായി സഹകരിക്കും, തനിക്ക് ഒന്നും ഒളിക്കാനും ആരെയും ഭയക്കാനുമില്ലെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. 


ദിവ്യയുടെ പേരിലോ ഭര്‍ത്താവിന്റെ പേരിലോ ബിനാമിയായോ മറ്റാരുടെയെങ്കിലും പേരിലോ അനധികൃത സ്വത്തുക്കളുണ്ടെങ്കില്‍ കണ്ടെത്തട്ടെയെന്നും അങ്ങനെ, അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാല്‍ മുഹമ്മദ് ഷമ്മാസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കാന്‍ തയാറാണെന്നും ദിവ്യ കുറിപ്പിലൂടെ വെല്ലുവിളിച്ചു. കാരണം അത്രത്തോളം ആത്മവിശ്വാസം തനിക്കുണ്ടെന്നാണ് ദിവ്യയുടെ വാദം. അന്വേഷണം പേടിച്ച് നാടുവിടാനോ അന്വേഷണം നിര്‍ത്തിവെക്കാന്‍ ഇടപെടാനോ ഉദ്ദേശിക്കുന്നില്ല. ഭയന്ന് വിറച്ച് മാളത്തിലൊളിക്കാനും തയ്യാറല്ല. രണ്ടു വര്‍ഷത്തിലേറെയായി തുടരുന്ന മാധ്യമവിചാരണയ്ക്കും അപവാദപ്രചാരണങ്ങള്‍ക്കും ഇനി ഒരറുതി വേണം. തനിക്കും തന്റെ കുടുംബത്തിനും അന്തസ്സോടെ, സമാധാനത്തോടെ ജീവിക്കണമെന്നും ദിവ്യ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. 


ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകളിലാണ് പി.പി. ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം. ടെന്‍ഡര്‍ നടപടികളില്ലാതെ കാര്‍ട്ടണ്‍ കമ്പനിക്ക് കരാര്‍ നല്‍കിയതടക്കമുള്ള ആരോപണങ്ങളിലാണ് പരിശോധന. ഈ കമ്പനി ദിവ്യയുടെ ബിനാമിയുടേതാണെന്നും പരാതിയുണ്ട്. ജൂണില്‍ ആഭ്യന്തര മന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.


പി.പി.ദിവ്യയുടെ ഫെയ്‌സ്‌കുറിപ്പിന്റെ പൂര്‍ണരൂപം:
ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും...
ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കും!
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയില്‍ പ്രഖ്യാപിച്ച വിജിലന്‍സ് പ്രാഥമിക അന്വേഷണത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു.
അന്വേഷണം നടക്കട്ടെ. സത്യങ്ങള്‍ പുറത്തുവരട്ടെ. ഏത് അന്വേഷണത്തോടും പൂര്‍ണമായി സഹകരിക്കും. എനിക്ക് ഒന്നും ഒളിക്കാനില്ല. ആരെയും ഭയക്കാനുമില്ല.
എന്റെ പേരിലോ ഭര്‍ത്താവിന്റെ പേരിലോ ബിനാമിയായോ മറ്റാരുടെയെങ്കിലും പേരിലോ അനധികൃത സ്വത്തുക്കളുണ്ടെങ്കില്‍ കണ്ടെത്തട്ടെ. അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാല്‍ മുഹമ്മദ് ഷമ്മാസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കാന്‍ പോലും ഞാന്‍ തയ്യാറാണ്. അത്രത്തോളം ആത്മവിശ്വാസമുണ്ട് എനിക്ക്.
എന്റെ ഭര്‍ത്താവിന്റെ പേരിലുള്ളത് അഞ്ച് സെന്റ് സ്ഥലവും 1236 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു വീടുമാണ്. അഞ്ച് ലക്ഷം രൂപ പോലും വില ലഭിക്കാത്ത 50 സെന്റ് ഭൂമി ബാങ്ക് വായ്പയെടുത്താണ് വാങ്ങിയത്. വീട്ടില്‍ ഒരു ഇരുചക്രവാഹനവും ഒരു കാറുമുണ്ട്. ഇതല്ലാതെ അനധികൃത സമ്പാദ്യങ്ങളൊന്നും ഞങ്ങള്‍ക്കില്ല.
ഇതൊന്നും മറച്ചുവെച്ചുള്ള പ്രസ്താവനയല്ല. നേരത്തേയും ഒരു അന്വേഷണം നടന്നതാണ്. ഇപ്പോള്‍ വിജിലന്‍സ് വീണ്ടും വരുന്നു. വരട്ടെ, സന്തോഷം! സത്യസന്ധതയുണ്ടെങ്കില്‍ അന്വേഷണത്തെ ഭയക്കേണ്ട കാര്യമില്ലല്ലോ.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതികളെല്ലാം ഇ-ടെന്‍ഡര്‍ സംവിധാനത്തിലൂടെ സുതാര്യമായാണ് നടപ്പാക്കിയിട്ടുള്ളത്. 25 കോടിയുടെ അഴിമതിയെന്നൊക്കെയുള്ള ആരോപണങ്ങള്‍ കേട്ടപ്പോള്‍ ബോധം പോയില്ലെന്നേയുള്ളൂ! കണക്കുകളില്ലാത്ത ആരോപണങ്ങള്‍ എത്ര തവണ ആവര്‍ത്തിച്ചാലും അവ സത്യമാകില്ല. എന്നാലും അന്വേഷണം നടക്കട്ടെ. ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് അന്വേഷണവും തെളിവുകളുമാണ്.
അന്വേഷണം പേടിച്ച് നാടുവിടാനോ അന്വേഷണം നിര്‍ത്തിവെക്കാന്‍ ഇടപെടാനോ ഉദ്ദേശിക്കുന്നില്ല. ഭയന്ന് വിറച്ച് മാളത്തിലൊളിക്കാനും തയ്യാറല്ല.
രണ്ടു വര്‍ഷത്തിലേറെയായി തുടരുന്ന മാധ്യമവിചാരണയ്ക്കും അപവാദപ്രചാരണങ്ങള്‍ക്കും ഇനി ഒരറുതി വേണം. എനിക്കും എന്റെ കുടുംബത്തിനും അന്തസ്സോടെ, സമാധാനത്തോടെ ജീവിക്കണം. രാഷ്ട്രീയവിയോജിപ്പുകളുടെ പേരില്‍ ഒരു കുടുംബത്തെ നിരന്തരം വേട്ടയാടുന്നത് എത്രത്തോളം നീതിയുക്തമാണ്?
എന്നെ തകര്‍ക്കാമെന്ന് കരുതുന്നവരോട് ഒന്നേ പറയാനുള്ളൂ: ആരോപണങ്ങള്‍ക്കും അപവാദങ്ങള്‍ക്കും മുന്നില്‍ തലകുനിക്കില്ല. സത്യം തെളിയിക്കാനുള്ള അവസരമായി ഓരോ അന്വേഷണത്തെയും കാണും.
ഞാന്‍ ഇവിടെയൊക്കെത്തന്നെയുണ്ടാകും.
എവിടേക്കും ഒളിച്ചോടില്ല.
അന്വേഷണത്തെ നേരിടും.
നിയമത്തില്‍ വിശ്വസിക്കും.
കാണാം... കാത്തിരിക്കാം!
മുഹമ്മദ് ഷമ്മാസ് നിരന്തരമായി നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരെ  കോടതിയെ ഞാന്‍ സമീപിച്ചിട്ടുണ്ട്. വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക് കോടതി സമന്‍സ് നല്‍കിയിട്ടുണ്ട്. ആ കേസില്‍ നിയമനടപടികള്‍ മുന്നോട്ടുപോകട്ടെ.
ഷമ്മാസിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ താല്‍പര്യങ്ങളെക്കുറിച്ച് എനിക്ക് അറിവില്ലെന്നു കരുതേണ്ട. എന്നാല്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ച് മറുപടി പറയാനല്ല ഞാന്‍ ആഗ്രഹിക്കുന്നത്. ആരോപണങ്ങള്‍ക്കും പിന്നിലെ താല്‍പര്യങ്ങള്‍ക്കും മറുപടി പറയേണ്ടത് വസ്തുതകളും തെളിവുകളുമാണ്.
ജനകീയ മുഖംമൂടി ധരിച്ചു രാഷ്ട്രീയ എതിരാളികള്‍ക്കൊപ്പം ഇരുന്നു മറുതോണിയില്‍ പിന്തുണ നല്‍കുന്ന യൂദാസുമാരുടെ മുഖം മൂടികള്‍ പുറത്തുവരേണ്ട സമയത്ത് ജനങ്ങള്‍ക്കു മുന്നിലെത്തും.
എന്റെ നിലപാട് വ്യക്തമാണ്:
അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു.
നിയമത്തെ ബഹുമാനിക്കുന്നു.
സത്യത്തില്‍ വിശ്വസിക്കുന്നു.
അപവാദങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ല!
ഇവിടെയൊക്കെ തന്നെയുണ്ടാകും...
കാണാം! 

Tags

Share this story

From Around the Web