ഹിന്ദു മതത്തില് നിന്ന് ഇസ്ലാം സ്വീകരിച്ചവര്ക്ക് പിന്നാക്ക സംവരണത്തിന് അര്ഹതയില്ല: സുപ്രിംകോടതി
ന്യൂഡല്ഹി: ഹിന്ദുമതത്തില്നിന്ന് ഇസ്ലാമിലേക്ക് മാറിയ ഒരാള്ക്ക് മതപരിവര്ത്തനത്തിന് മുമ്പുള്ള സാമൂഹിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തില് പുതിയ മതത്തില് സംവരണം അവകാശപ്പെടാനാകില്ലെന്ന് സുപ്രിംകോടതി. മതം മാറിയ വ്യക്തിക്ക് പിന്നാക്ക വിഭാഗ മുസ്ലിം പദവി ലഭിക്കില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ ജൂണ് 25-ലെ വിധി സുപ്രിംകോടതി ശരിവെച്ചു. ഹൈക്കോടതി ഉത്തരവില് ഇടപെടാന് ജസ്റ്റിസുമാരായ പി.കെ മിശ്ര, ശ്രീ ചന്ദ്രശേഖര് എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു.
മതപരിവര്ത്തനത്തിന് മുമ്പുള്ള സാമൂഹിക ക്രമത്തില് അനുഭവിച്ച പിന്നാക്കാവസ്ഥ, പുതുതായി സ്വീകരിച്ച മതത്തിലെ പിന്നാക്ക വിഭാഗ പദവി ലഭ്യമാക്കാന് മാത്രമായി 'മുന്നോട്ട് കൊണ്ടുപോകാന്' കഴിയില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.
ഭരണഘടനയുടെ ഉത്തരവിലെ മൂന്നാം ഖണ്ഡിക പ്രകാരം ഹിന്ദുമതം, ബുദ്ധമതം, സിഖ് മതം എന്നിവയൊഴികെയുള്ള ഇതര മതങ്ങള് പിന്തുടരുന്ന ഒരാളെ പട്ടികജാതി വിഭാഗത്തില്പ്പെട്ടയാളായി കണക്കാക്കാനാകില്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. അതിനാല് നിര്ദിഷ്ടമല്ലാത്ത ഒരു മതത്തിലേക്ക് പരിവര്ത്തനം ചെയ്യപ്പെടുന്നതോടെ, നേരത്തെയുണ്ടായിരുന്ന ജാതിയുമായി ബന്ധപ്പെട്ട പട്ടികജാതി പദവി നഷ്ടപ്പെടും.
പട്ടികജാതി അംഗത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണഘടനയുടെ അനുച്ഛേദം 16(4) പ്രകാരമുള്ള സംവരണാനുകൂല്യങ്ങള് പിന്നീട് അവകാശപ്പെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
മതം മാറുന്ന ഒരാളുടെ മുമ്പത്തെ ജാതിയോ സമുദായ പദവിയോ, പുതിയ മതത്തിലെ വിജ്ഞാപനം ചെയ്യപ്പെട്ട പിന്നാക്ക വിഭാഗത്തിലേക്ക് മാറ്റാന് മതപരിവര്ത്തനം കൊണ്ട് മാത്രം സാധിക്കില്ല. മുമ്പത്തെ സാമൂഹിക പിന്നാക്കാവസ്ഥ പുതിയ മതത്തിലെ മറ്റൊരു പിന്നാക്ക വിഭാഗ പദവിക്കുള്ള നിയമപരമായ അടിത്തറയാകില്ലെന്നും ബെഞ്ച് വിശദീകരിച്ചു.
ഹിന്ദുമതത്തില്നിന്ന് ഇസ്ലാം സ്വീകരിച്ച് 2016-ല് ഇസ്ലാമിക ആചാരപ്രകാരം വിവാഹിതനായ രണ്ടു കുട്ടികളുടെ പിതാവായ വ്യക്തിയാണ് തനിക്ക് 'മുസ്ലിം ലബ്ബ' എന്ന് കാണിച്ചുള്ള ജാതി സര്ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് അപേക്ഷ നല്കിയത്. തഹസില്ദാര് ഈ അപേക്ഷ നിരസിച്ചതിനെ തുടര്ന്നാണ് ഹരജിക്കാരന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
തഹസില്ദാറുടെ നടപടി ശരിവെച്ച മദ്രാസ് ഹൈക്കോടതി, ഇത്തരം കേസുകളില് സംവരണം അനുവദിച്ചുകൊണ്ടുള്ള 2024-ലെ തമിഴ്നാട് സര്ക്കാര് ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഈ നിലപാട് സുപ്രിംകോടതിയും പൂര്ണമായി ശരിവെച്ചു.
തമിഴ്നാട് സര്ക്കാരിന്റെ ഉത്തരവ് നിലനില്ക്കുന്നതല്ലെന്നും ഹൈക്കോടതി അത് റദ്ദാക്കിയത് ഉചിതമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. ആവശ്യമായ സാമൂഹികവും നിയമപരവുമായ ബന്ധങ്ങള് തെളിയിക്കാതെ തന്നെ ഒരാളെ മുമ്പത്തെ അവസ്ഥയില്നിന്ന് വിജ്ഞാപനം ചെയ്യപ്പെട്ട മുസ്ലിം പിന്നാക്ക വിഭാഗത്തിലേക്ക് മാറ്റുന്ന ഒരു കൃത്രിമ വഴിയാണ് സര്ക്കാര് ഉത്തരവിലൂടെ സൃഷ്ടിക്കപ്പെട്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒരു ഹിന്ദു പുരുഷന് ഇസ്ലാം സ്വീകരിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരമുള്ള മൗലികാവകാശ വിനിയോഗമായി കണക്കാക്കാമെങ്കിലും, അത്തരമൊരു മാറ്റത്തിന് ശേഷവും സംവരണാനുകൂല്യം വേണമെന്ന് ആവശ്യപ്പെടുന്നത് അതിന്റെ നിയമസാധുതയെക്കുറിച്ച് വലിയ ചര്ച്ചയ്ക്ക് വഴിവെക്കുന്നതാണെന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.