മാര്‍ച്ചിന് എത്തുന്നവര്‍ അല്‍പ്പം ഷോപ്പിങ്ങും ചെയ്യൂ; ആഹ്വാനവുമായി രാഹുല്‍ ഗാന്ധി, ബിജെപി ഭയം കാരണം അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് രാഹുല്‍
 

 
rahul


 
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന ദില്ലി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്നവരോട് ഷോപ്പിങ് ചെയ്യാന്‍ ആഹ്വാനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത് ഉത്സവകാലമാണെന്നും പ്രതിഷേധത്തിന് എത്തുന്നവര്‍ രാംലീലയുടെ പരിസരത്തു നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് പ്രാദേശിക കച്ചവടക്കാര്‍ക്ക് സഹായമാകുമെന്നും രാഹുല്‍ പറഞ്ഞു. ബിജെപി ഭയം കാരണം അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ രാഹുല്‍ എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ നേരുകയും ചെയ്തു.


'രാംലീല മാര്‍ച്ചിനായി ലക്ഷക്കണക്കിന് ആളുകളാണ് ഡല്‍ഹിയിലെത്തുന്നത്. ഇത് ഉത്സവകാലമാണ്. ദീപാവലിയും ഛാത് പൂജയും ഭായ് ദൂജും അടുത്തെത്തിയിരിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഡല്‍ഹിയിലെത്തുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഇവിടുത്തെ പ്രാദേശിക വ്യാപാരികളെ പിന്തുണയ്ക്കണമെന്നാണ് എന്റെ ആഗ്രഹം. പ്രതിഷേധത്തിലും മാര്‍ച്ചിലും റാലിയിലും പങ്കെടുക്കുന്നതിനൊപ്പം അല്‍പ്പം ഷോപ്പിങ്ങും നടത്തണം. അത് ഇവിടുത്തെ പ്രാദേശിക വ്യാപാരികള്‍ക്ക് സഹായകമാകും.
ഞങ്ങളുടെ റാലി വ്യാപാരികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലെന്ന് എനിക്കറിയാം. ബിജെപി ഭയന്നിട്ടാണ് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ നമുക്ക് രണ്ടും ചെയ്യാം. മാര്‍ച്ചും റാലിയുമുണ്ടാകും. അതോടൊപ്പം ലക്ഷക്കണക്കിന് ആളുകള്‍ നമ്മുടെ പ്രാദേശിക വ്യാപാരികളുടെ ചെറുകിട കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുകയും ചെയ്യും. എല്ലാവര്‍ക്കും ഒരുപാട് സ്നേഹം. ദീപാവലി ആശംസകള്‍. ജയ് ഹിന്ദ്!' -രാഹുല്‍ വീഡിയോ പോസ്റ്റില്‍ പറഞ്ഞു.

Tags

Share this story

From Around the Web