'കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവര്‍ കൊല്ലപ്പെടണം': കാലിഫോര്‍ണിയയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ ഇന്ത്യന്‍ വംശജന്‍ കൊലപ്പെടുത്തി

കാലിഫോര്‍ണിയ:കാലിഫോര്‍ണിയയില്‍ ലൈംഗീക പീഡനക്കേസില്‍ പ്രതിയായ വൃദ്ധനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍. വരുണ്‍ സുരേഷ് (29) ആണ് കാലിഫോര്‍ണിയയില്‍ പിടിയിലായത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഡേവിഡ് ബ്രിമറിനെ (71) ആണ് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ വരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് ആക്രമിക്കാനുപയോഗിച്ച കത്തിയും കണ്ടെടുത്തു.
വരുണ്‍ വളരെക്കാലമായി ഡേവിഡിനെ കൊലപ്പെടുത്താന്‍ വിചാരിച്ചിരുന്നതായി കോടതി രേഖകളില്‍ പറയുന്നു. കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന ഇത്തരക്കാര്‍ കൊല്ലപ്പെടണമെന്ന് വരുണ്‍ മൊഴി നല്‍കി. വരുണ്‍ ഇരയെ കണ്ടെത്തിയത് കുറ്റവാളികളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന കാലിഫോര്‍ണിയ മീഗന്‍സ് ലോ ഡാറ്റാബേസില്‍ തിരഞ്ഞായിരുന്നു.
1995ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് ഡേവിഡ്. രണ്ടു പേരും തമ്മില്‍ പരിചയമില്ലെന്ന് പൊലീസ് പറഞ്ഞു.
പബ്‌ളിക്ക് അക്കൗണ്ടന്റ് എന്ന് പരിചയപ്പെടുത്തി ഡേവിഡിന്റെ അടുത്തെത്തിയ വരുണ്‍ കഴുത്തറുത്തു കൊല്ലുകയായിരുന്നു. പിന്നീട് പൊലീസ് വരുന്നതുവരെ വരുണ്‍ സംഭവസ്ഥലത്ത് തന്നെ തുടര്‍ന്നു. പിന്നീട് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.