കേരളത്തിലെ ദേശീയപാതകളിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണം; പരിശോധന ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പ്
കേരളത്തിൽ ദേശീയപാതയുടെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. പലയിടങ്ങളിലും പല റീച്ചുകളും ഇതിനോടകം പൂർത്തിയായിട്ടുമുണ്ട്. എന്നാൽ ദേശീയ പാതയിൽ പ്രവേശിക്കുന്നവർ പല കാര്യങ്ങളും ശ്രദ്ധിക്കാത്തതാണ് അപകടങ്ങൾ വിളിച്ചു വരുത്താനുള്ള പ്രധാന കാരണം. എന്തൊക്കെയാണ് ദേശീയ പാതയിൽ കയറുന്നതിന് മുന്ന ശ്രദ്ധിക്കേണ്ടുന്നതെന്ന് നാം അറിഞ്ഞിരിക്കണം.
വാഹനമോടിക്കുന്നവർ ഇവ കൃത്യമായി പാലിച്ചില്ലെങ്കിൽ എം വി ഡി യുടെ പിടി വീഴുകയും ചെയ്യും. ദേശീയ പാതയിലൂടെ പോകുന്ന ബസുകൾ സർവീസ് റോഡിലെ സ്റ്റോപ് ഉപയോഗിക്കാതെ യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുകയാണെങ്കിൽ അത് ഗു രുതരമായ കുറ്റമാണ്.
അടുത്തിടെ നിരവധി സംഭവങ്ങൾ സമാനമായി റിപ്പോർട്ട് ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നടപടി. ഇതിന്മേലുള്ള പരിശോധനകളും ഇനി കടുപ്പിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൂടാതെ ആറുവരിപ്പാതയിൽ പാതയിൽ വാഹനങ്ങൾ നിർത്തുന്നതും നിയമലംഘനമാണ്. മറ്റൊരു പ്രധാനപ്പെട്ട നിയമലംഘനം എതിർ ദിശയിൽ വാഹനമോടിക്കുകയെന്നതാണ്. എതിർ ദിശയിൽ വാഹനമോടിക്കുന്നത് വലിയ അപകടങ്ങളിലേക്കാണ് വഴിവെക്കുക. ഇങ്ങനെയും നിരവധി അപകടങ്ങളാണ് ഇതിനോടകം തന്നെ കേരളത്തിലെ ദേശീയ പാതകളിൽ നടന്നിട്ടുള്ളത്.