ഇന്ത്യന്‍ അമ്മമാരില്‍ നിന്നും കടമെടുത്ത ആ പാരന്റിങ് ടിപ്പുകള്‍ എന്റെ കുഞ്ഞുങ്ങളുടെ സ്വഭാവത്തെ മാറ്റി'; അനുഭവം പങ്കുവച്ച് യൂറോപ്യന്‍ യുവതി
ഡല്‍ഹി: ഏതൊരു മാതാപിതാക്കളോട് ചോദിച്ചാലും അവര്‍ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്; കുട്ടികളെ വളര്‍ത്താന്‍ കൃത്യമായ ഒരു വഴികാട്ടിയോ നിയമപുസ്തകമോ നിലവിലില്ല! ഓരോ ഘട്ടത്തിലും അനുഭവങ്ങളിലൂടെയാണ് നമ്മള്‍ അത് പഠിച്ചെടുക്കുന്നത്.
സാധാരണയായി നമ്മുടെ സ്വന്തം അമ്മയില്‍ നിന്നോ, സുഹൃത്തുക്കളില്‍ നിന്നോ, എന്തിനേറെ മറ്റ് സംസ്‌കാരങ്ങളില്‍ നിന്ന് പോലുമോ പ്രയോജനകരമായ കാര്യങ്ങള്‍ നമ്മള്‍ ഇതിനായി കടമെടുക്കാറുണ്ട്. ഇന്ത്യയിലെ മാതാപിതാക്കള്‍ കുട്ടികളെ വളര്‍ത്തുന്ന രീതി പാശ്ചാത്യ രാജ്യങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്.
യൂറോപ്യന്‍ യുവതി കടമെടുത്തതും ഈ പാരന്റിങ് ടിപ്പുകളായിരുന്നു. ഒരു ഇന്ത്യാക്കാരനെയാണ് കസെനിയ വിവാഹം കഴിച്ചത്. കുട്ടികളെ എങ്ങനെ വളര്‍ത്തണം എന്നതിനെക്കുറിച്ച് അറിവൊന്നുമുണ്ടായിരുന്നില്ല.
എന്നാല്‍ ഇന്ത്യന്‍ സംസ്‌കാരം കസെനിയയെ വളരെയധികം സ്വാധീനിച്ചു. അതിനെക്കുറിച്ച് യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
1.ഒരുമിച്ചുള്ള ഉറക്കം
ചെറുപ്പത്തില്‍ കുട്ടികളെ ഒറ്റയ്ക്ക് പ്രത്യേക മുറിയില്‍ ഉറക്കുന്ന പാശ്ചാത്യ രീതിക്ക് പകരം, മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ അനുവദിക്കുന്നത് കുട്ടികളില്‍ സുരക്ഷിതത്വബോധം നല്‍കുന്നു. ''ഞങ്ങളുടെ കുടുംബത്തില്‍, കുട്ടികള്‍ സാധാരണയായി അഞ്ച് വയസ്സാകുമ്പോഴേക്കും സ്വന്തം മുറിയിലേക്ക് മാറും.
എന്നാല്‍ ഞങ്ങള്‍ക്ക് ഒരു കുഞ്ഞ് ജനിച്ചപ്പോള്‍, ഒരുമിച്ച് ഉറങ്ങുക എന്ന ആശയം പതുക്കെ ഇഷ്ടപ്പെട്ടു തുടങ്ങി. ഒരുമിച്ച് ഉറങ്ങുന്നത് കുഞ്ഞുങ്ങളുമായി കൂടുതല്‍ അടുക്കാനും മുലയൂട്ടലും രാത്രികാല പരിചരണവും വളരെ എളുപ്പമാക്കി'' കസെനിയ പറഞ്ഞു.
2. കുഞ്ഞുങ്ങളെ എണ്ണ തേപ്പിച്ച് കുളിപ്പിക്കുന്ന രീതി
'കുഞ്ഞുങ്ങളെ എണ്ണതേപ്പിച്ച് മസാജ് ചെയ്യുന്നതില്‍ മുത്തശ്ശിമാര്‍ സഹായിക്കുന്ന ആ പരമ്പരാഗത രീതി എനിക്ക് പ്രത്യേകം ഇഷ്ടപ്പെട്ടു. ഇത് കുഞ്ഞിനും പുതിയ അമ്മയ്ക്കും വലിയൊരു പിന്തുണയാണ് നല്‍കുന്നത്. അതോടൊപ്പം കുടുംബാംഗങ്ങള്‍ തമ്മിലുള്ള പങ്കാളിത്തവും ആത്മബന്ധവും വാനോളം ഉയര്‍ത്തുന്ന വിലപ്പെട്ട നിമിഷങ്ങള്‍ കൂടിയാണിത്,' കസെനിയ പറഞ്ഞു.
3. കുഞ്ഞുങ്ങളുടെ പേരിടല്‍
ഇന്ത്യയില്‍ ഒരു കുട്ടിക്ക് പേരിടുന്നത് വളരെയധികം ശ്രദ്ധിച്ചാണ്. അര്‍ഥവും സംസ്‌കാരവുമൊക്കെ കോര്‍ത്തിണക്കിയാണ് ഇന്ത്യക്കാര്‍ കുഞ്ഞുങ്ങള്‍ക്ക് പേരിടുന്നത്. കസെനിയയുടെ മക്കള്‍ക്കും ഇന്ത്യന്‍ പേരുകളാണ് ഇട്ടത്.
4. ഇന്ത്യന്‍ അമ്മമാരുടെ സാരികള്‍
ഇന്ത്യന്‍ അമ്മമാര്‍ കുട്ടികളുടെ ജന്മദിനങ്ങള്‍ക്ക് മനോഹരമായി വസ്ത്രം ധരിക്കുന്നു. പലപ്പോഴും സാരിയും പരമ്പരാഗത വസ്ത്രങ്ങളും ധരിക്കുന്നത് താന്‍ എപ്പോഴും ആസ്വദിച്ചിട്ടുണ്ടെന്ന് കസെനിയ പറയുന്നു. ഒരു കുട്ടിയുടെ ജന്മദിനം അമ്മയ്ക്കും പ്രത്യേക ദിവസമാണ്. തന്റെ കുഞ്ഞങ്ങളുടെ പിറന്നാളിനും താന്‍ സാരിയാണ് ഉടുക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.