ഭാരതത്തിന്റെ ‘വലിയ മല്പാന്‍’ കൂനമ്മാക്കല്‍ തോമാ കത്തനാര്‍ ഓര്‍മയായി
കോട്ടയം: പ്രശസ്ത സുറിയാനി പണ്ഡിതനും ദൈവശാസ്ത്രജ്ഞനും ചരിത്രകാരനുമായ കൂനമ്മാക്കല്‍ തോമാ കത്തനാര്‍ ഓര്‍മ്മയായി. അനേകം മെത്രാന്മാരുടെയും വൈദികരുടെയും സുറിയാനി പണ്ഡിതരുടെയും അധ്യാപകനായിരുന്നു.
പാലാ രൂപതാ വൈദികനായ തോമാ കത്തനാര്‍ സുറിയാനി ഭാഷ പഠന കേന്ദ്രമായ കോട്ടയം സെന്റ് എഫ്രേം എക്യുമെനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും (സീരി) വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിലും ദീര്‍ഘകാലം അദ്ധ്യാപകനായിരുന്നു. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ സുറിയാനി വിഭാഗത്തിന്റെ ഡീന്‍ ഓഫ് സ്റ്റഡീസ് ആയും സേവനം ചെയ്തിട്ടുണ്ട്. കോട്ടയത്ത് കുറവിലങ്ങാട്, കാപ്പും തലയിലെ സുറിയാനി പഠനകേന്ദ്രവും സന്യാസ ആശ്രമവുമായ ബേസ് അപ്രേം നസ്രാണി ദയറയുടെ സ്ഥാപകനാണ്.
ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്സ്ഫഡ് സര്‍വകലാശാലയില്‍ നിന്ന് സുറിയാനിയില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്. സുറിയാനി സഭാ ചരിത്രത്തെപ്പറ്റിയും ആദ്യകാല ദൈവശാസ്ത്ര എഴുത്തുകാരെപ്പറ്റിയും നിരവധി ലേഖനങ്ങള്‍ അന്തര്‍ദേശീയ ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേംബ്രിഡ്ജ്, ഓക്സ്ഫഡ്, ദമാസ്‌കസ്, ബാഗ്ദാദ്, എത്യോപ്യയിലെ ആഡിസ് അബാബ തുടങ്ങിയ സര്‍വകലാശാലകളിലും ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സുറിയാനി അക്ഷരങ്ങള്‍ ഉപയോഗിച്ച് മലയാളം എഴുത്തിയിരുന്ന കര്‍ശോന്‍ രീതിയെപറ്റി ഏറ്റവും ആധികാരികമായ പഠനം നടത്തിയ വ്യക്തിയാണ്. കോട്ടയം ജില്ലയിലെ രാമപുരത്ത് കൂനമ്മാക്കല്‍ കുര്യന്‍-ത്രേസ്യ ദമ്പതികളുടെ മകനായി 1955 നവംബര്‍ 15- നാണ് തോമാ കത്തനാരുടെ ജനനം.
2025 സെപ്റ്റംബറില്‍ അന്ത്യോഖ്യയിലെ കത്തോലിക്ക പാത്രിയാര്‍ക്കീസ് ബാവ ഇഗ്നാത്തി യോസ് ജോസഫ് മൂന്നാമന്‍ ‘സത്യവിശ്വാസത്തിന്റെ വിശ്രുത സംരക്ഷകനും ഭാരതത്തിന്റ വലിയ മല്പാനും’ എന്ന പദവി നല്‍കി ആദരിച്ചിരുന്നു.