അയർലണ്ടിലെ സീറോ മലബാർ സഭയുടെ ഈ വർഷത്തെ നാഷണൽ നോക്ക് മരിയൻ തീർത്ഥാടനം ശനിയാഴ്ച

 
George

ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സഭയുടെ ഈ വർഷത്തെ നാഷണൽ നോക്ക് മരിയൻ തീർത്ഥാടനം മെയ് 9-ാം തീയതി ശനിയാഴ്ച ഭക്തിപൂർവ്വം നടത്തപ്പെടും. പരിശുദ്ധ അമ്മയുടെ അനുഗ്രഹസാന്നിധ്യം നിറഞ്ഞുനിൽക്കുന്ന കൗണ്ടി മയോയിലെ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ-മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ റിപ്പബ്ലിക് ഓഫ് അയർലണ്ടിലെയും നോർത്തേൺ അയർലണ്ടിലെയും സീറോ മലബാർ വിശ്വാസികൾ ഒന്നിച്ചുചേരും.

സഭയുടെ കീഴിലുള്ള 38 വിശുദ്ധ കുർബാന കേന്ദ്രങ്ങളിലുമായി തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തീർത്ഥാടന ദിനമായ മെയ് 9-ന് രാവിലെ 9:45 നു നോക്ക് ബസിലിക്കയിൽ ജപമാല ആരംഭിക്കും.

തുടർന്ന് ആഘോഷപൂർവ്വമായ സീറോ മലബാർ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും. കത്തോലിക്കാ സഭയുടെ മതാന്തര സംവാദത്തിനുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫക്റ്റ് കർദ്ദിനാൾ മാർ ജോർജ്ജ് കൂവക്കാട്ട് മുഖ്യകാർമ്മികനായിരിക്കും.

സീറോ മലബാർ സഭയുടെ യൂറോപ്പിലെ വിശ്വാസികൾക്കായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്തും, അയർലണ്ട് നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടും,  അയർലണ്ടിലെ മുഴുവൻ സീറോ മലബാർ വൈദികരും തീർത്ഥാടനത്തിൽ സജീവ സാന്നിധ്യമറിയിക്കും.

സീറോ മലബാർ സഭാംഗമായ കർദ്ദിനാൾ മാർ ജോർജ്ജ് കൂവക്കാട്ട്,  2006 മുതൽ 2020 വരെ പരിശുദ്ധ സിംഹാസനത്തിൻ്റെ നയതന്ത്ര വിഭാഗത്തിൻകീഴിൽ   വിവിധ രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2020 മുതൽ പരിശുദ്ധ സിംഹാസനത്തിന്റെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ ജേർണീസ് ഓഫീസിൽ പ്രവർത്തിച്ചുവരുന്നു. മാർപ്പാപ്പയുടെ വിദേശയാത്രകളുടെ സംഘാടനത്തിൻ്റെ  ഉത്തരവാദിത്തമുള്ള ഈ ഓഫീസിൻ്റെ മേധാവിയായി 2021 മുതൽ സേവനം ചെയ്തുവരികെ പോപ്പ് ഫ്രാൻസീസ് അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്തുകയിരുന്നു. 

ചങ്ങനാശേരി അതിരൂപതാഗമായ കർദ്ദിനാൾ കൂവക്കാട്ടിൻ്റെ കർദ്ദിനാൾ എന്ന നിലയിലുള്ള  ആദ്യ  അയർലണ്ട് സന്ദർശനമാണിത്.

തീർത്ഥാടന ദിനം  രാവിലെ 10 മണിക്ക് കർദ്ദിനാളിനു അയർലണ്ട് സീറോ മലബാർ സഭ ഔദ്ദോഗീക സ്വീകരണം നൽകും. കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെയും, ബൈബിൾ ക്വിസ് മത്സരങ്ങളിൽ ദേശീയതലത്തിൽ വിജയം കൈവരിച്ചവരേയും, 2025-ലെ ലിവിംഗ് സർട്ട് (A Level - Northern Ireland) പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളേയും തദ്ദവസരത്തിൽ ആദരിക്കും. 

അഞ്ചോ അതിലധികമോ മക്കളുള്ള വലിയ കുടുംബങ്ങളെയും ഈയവരത്തിൽ പ്രത്യേകമായി ആദരിക്കും.

Tags

Share this story

From Around the Web