"ഈ യാത്ര ദൈവപരിപാലനയുടെ ശ്രേഷ്ഠ സമ്മാനം": അൾജീരിയയ്ക്ക് ഹൃദയത്തിൽനിന്ന് നന്ദി പറഞ്ഞ് ലിയോ പതിനാലാമൻ പാപ്പാ

 
Rpm

അൾജീരിയയിലെ  അപ്പസ്റ്റോലിക സന്ദർശനത്തിന്റെ സമാപനത്തിൽ, അന്നബയിലെ വിശുദ്ധ അഗസ്റ്റിന്റെ ബസലിക്കയിൽ പാപ്പാ വിശുദ്ധ കുർബാന അർപ്പിച്ചു.  വിശുദ്ധൻറെ വലതു കൈയെല്ലിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ദേവാലയമാണിത്. 

ആഗോള കത്തോലിക്കാ സഭയുടെ തലവനായി സ്ഥാനം ഏറ്റെടുത്ത് "ഞാൻ അഗസ്റ്റിന്റെ മകനാണ്" എന്ന് പറഞ്ഞുകൊണ്ട് ലോകത്തെ അഭിസംബോധന ചെയ്ത നിമിഷം മുതൽ അൾജീരിയൻ ജനത, പാപ്പയുടെ വരവിനായി കാത്തിരിക്കുകയായിരുന്നുവെന്ന് കോൺസ്റ്റന്റൈൻ (ഹിപ്പോ) രൂപതയുടെ മെത്രാൻ മിഷേൽ ഗിയ്യോ തന്റെ സ്വാഗതപ്രസംഗത്തിൽ പറഞ്ഞു. 

അഗസ്റ്റീനിയൻ ദർശനങ്ങൾ ഉൾക്കൊണ്ട് ജീവിക്കുന്ന അൾജീരിയയിലെ ക്രൈസ്തവ മുസ്‌ലീം സഹോദരങ്ങൾക്ക് പാപ്പാ സഹയാത്രികനും മതം നോക്കാതെ എല്ലാവരെയും പരിപാലിക്കുന്ന ആത്മീയനേതാവുമാണെന്നും കോൺസ്റ്റന്റൈൻ രൂപതാദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു. 

അൾജീരിയൻ കലാകാരൻ രൂപകൽപ്പന ചെയ്ത ഒരു ശിൽപ്പവും  അദ്ദേഹം പരിശുദ്ധ പിതാവിന് സമ്മാനിച്ചു.

അൾജീരിയയിലെ ക്രൈസ്തവക്കൂട്ടായ്മയുൾപ്പെടെയുള്ള പൊതുസമൂഹം നൽകിയ സ്നേഹത്തിനും പരിഗണനയ്ക്കും  നന്ദിയർപ്പിച്ചുകൊണ്ട്, പരിശുദ്ധ പിതാവ് ഇങ്ങനെ പറഞ്ഞു: "ഊഷ്മളായ ഈ സ്വീകരണത്തിനും, യാത്രയിൽ നൽകിയ കരുതലിനും സ്നേഹത്തിനും ഞാൻ നന്ദിയേകുന്നു. ഈ യാത്ര ദൈവപരിപാലനയുടെ ശ്രേഷ്ഠ സമ്മാനമാണ്. ദൈവം സ്നേഹമാണ്; അവൻ സകല മനുഷ്യരുടെയും പിതാവാണ്. അതിനാൽ നമുക്ക് എളിമയോടെ അവനിലേക്ക് തിരിഞ്ഞ്, ഇന്നത്തെ ലോകത്തിന്റെ പരിതാപകരമായ അവസ്ഥയുടെ മൂലകാരണം നമ്മുടെ അഹങ്കാരമാണെന്ന് സമ്മതിക്കാം. നമുക്ക് അവനെ ആവശ്യമുണ്ട്; അവന്റെ കരുണയും നമുക്ക് അനിവാര്യമാണ്. അവനിൽ മാത്രമാണ് മനുഷ്യഹൃദയം യഥാർത്ഥ സമാധാനം കണ്ടെത്തുന്നത്. അവനോടൊപ്പമാകുമ്പോഴാണ് നമുക്ക് പരസ്പരം സഹോദരങ്ങളായി തിരിച്ചറിയാനും, നീതിയുടെയും സമഗ്രമായ വികസനത്തിന്റെയും, ഐക്യത്തിന്റെയും പാതയിലൂടെ ഒന്നിച്ചു സഞ്ചരിക്കാനും കഴിയൂ". തന്റെ യാത്രയുടെ സന്ദേശവും ഇതുതന്നെയാണെന്ന് പാപ്പാ ഉപസംഹരിച്ചു.

ആഫ്രിക്കയിലെ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങളിലേക്കുള്ള ലിയോ പതിനാലാമൻ പാപ്പയുടെ അപ്പസ്തോലികയാത്രയുടെ ആദ്യഘട്ടമാണ്‌ അൾജീരിയയിൽ പര്യവസാനിച്ചത്. ചരിത്രപരമായ ഈ അപ്പസ്തോലിക സന്ദർശനംഏപ്രിൽ 13 മുതൽ 15 വരെയായിരുന്നു. ഏപ്രിൽ 13 തിങ്കളാഴ്ച അൾജീരിയയിൽ എത്തിയ പാപ്പയെ അൾജീരിയൻ പ്രസിഡന്റ് അബ്ദുൾമജിദ് തെബ്ബൂൻ സ്വീകരിച്ചു. തുടർന്ന് 1954-1962-ലെ സ്വാതന്ത്ര്യസമരത്തിൽ ജീവൻ വെടിഞ്ഞ രക്തസാക്ഷികളുടെ സ്മാരകമായ 'മഖാം എഷാഹിദ്'' സന്ദർശിച്ച് പരിശുദ്ധ പിതാവ് സന്ദേശം നൽകി. 

പ്രസിഡന്റിന്റെ കൊട്ടാരത്തിലും ജമാ അൽ ജസൈർ കോൺഫെറെൻസ് സെന്ററിലും സിവിൽ അധികാരികൾ, നയതന്ത്ര പ്രതിനിധികൾ എന്നിവരെയും പാപ്പാ അഭിസംബോധന ചെയ്തു. 

അൾജീരിയയിലെ  ഗ്രേറ്റ് മോസ്‌ക്‌ സന്ദർശനവും തുടർന്ന് ഔർ ലേഡി ഓഫ് ആഫ്രിക്ക ബസലിക്കയിൽ  ക്രൈസ്തവ-മുസ്ലിം സമൂഹങ്ങളുടെ പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ചയും ഏറെ പ്രാധാന്യം അർഹിക്കുന്നു. യൂറോപ്പിലേക്കുള്ള കടൽ യാത്രയിൽ ജീവൻ നഷ്ട്ടപെട്ട കുടിയേറ്റക്കാരുടെ സ്മാരകത്തിലും പാപ്പാ പ്രാർത്ഥന നടത്തി.

രണ്ടാം ദിവസത്തെ പര്യടനത്തിൽ വിശുദ്ധ അഗസ്റ്റിൻ മുപ്പത് വർഷത്തിലധികം മെത്രാനായി സേവനം ചെയ്ത ഹിപ്പോ നഗരത്തിൽ പത്രോസിന്റെ പിൻഗാമിയായ പരിശുദ്ധ പിതാവ് സമാധാനത്തിന്റെ പ്രതീകമായ ഒലിവു മരം നട്ടു. 

ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദി പുവർ നടത്തുന്ന വൃദ്ധസദനസന്ദർശനവും പാപ്പാ അംഗമായ അഗസ്റ്റീനിയൻ സന്ന്യാസ സഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയും ഉച്ചഭക്ഷണവും  ഈ സന്ദർശനത്തിലെ എടുത്തു പറയേണ്ട സംഗതികളാണ്. 

പതിനൊന്നു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന യാത്രയുടെ രണ്ടാം ഘട്ടം കാമറൂണിലാണ്. തുടർന്ന് അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങളാണ് പാപ്പാ സന്ദർശിക്കുന്നത്.

Tags

Share this story

From Around the Web