ഇതാണ് യഥാര്‍ത്ഥ പ്രണയം... പ്രണയിച്ച പെണ്ണിനെ വിവാഹം കഴിക്കാന്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന് കോടതി പരോള്‍
ചണ്ഡീഗഡ്: ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ വിവാഹത്തിനായി 12 മണിക്കൂര്‍ പരോളില്‍ പുറത്തിറങ്ങി. ഹരിയാണയിലെ ഝജ്ജറിലാണ് സിനിമയെ വെല്ലുന്ന സംഭവമുണ്ടായത്.
കൊലപാതകം ഉള്‍പ്പെടെ 22 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മെയ്ന്‍പാല്‍ ധില്ലയ്ക്ക് കംബോഡിയന്‍ പങ്കാളിയായ മേറ്റ ചാനെ വിവാഹം കഴിക്കാനാണ് കോടതി 12 മണിക്കൂര്‍ 'കസ്റ്റഡി പരോള്‍' അനുവദിച്ചത്.
ജയിലിന് സമീപത്തെ ഫാം ഹൗസില്‍ രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുമണിവരെയായിരുന്നു പരോള്‍. കനത്ത പൊലീസ് സുരക്ഷയില്‍ വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ധില്ലയെ തിരികെ ജയിലിലെത്തിച്ചു.
2018-ല്‍ ആറ് ആഴ്ചത്തെ പരോളില്‍ പുറത്തിറങ്ങിയ ധില്ല പിന്നീട് കംബോഡിയയിലേക്ക് കടന്നുകളയുകയായിരുന്നു.
സോനു കുമാര്‍ എന്ന വ്യാജ പേരിലാണ് അടുത്ത മാസം രാജ്യം വിട്ടത്.
കംബോഡിയയില്‍ വ്യാജ വിലാസത്തില്‍ ബിസിനസ് ആരംഭിച്ച ധില്ല അവിടെവച്ചാണ് കംബോഡിയന്‍ യുവതിയായ മേറ്റ ചാനുമായി അടുപ്പത്തിലായത്.
പിന്നീട് ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങുകയും നാല് കുട്ടികളുണ്ടാകുകയും ചെയ്തു. വിവാഹത്തിനായി ചാനും മൂന്ന് മക്കളും അടുത്തിടെ ഇന്ത്യയിലെത്തി. നാലാമത്തെ കുട്ടി ഇപ്പോഴും കംബോഡിയയിലാണ്.
മേറ്റ ചാന്‍ കംബോഡിയക്കാരിയാണെന്നതും വിവാഹത്തിന് കൂടുതല്‍ മാധ്യമശ്രദ്ധ നേടിക്കൊടുത്തു.
2007ലും 2010ലും രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹിസാര്‍ ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിച്ചുവരികയായിരുന്നു ധില്ല. ജയിലില്‍ കഴിയവെ ഒരാളെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.
ഇതിനിടെയാണ് 2018 ജൂലൈയില്‍ പരോളില്‍ പുറത്തിറങ്ങി കംബോഡിയയിലേക്ക് കടന്നത്.
കംബോഡിയയില്‍ ധില്ലയുടെ സാന്നിധ്യത്തെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഹരിയാണ പൊലീസിന്റെ അഭ്യര്‍ഥനപ്രകാരം 2024 നവംബറില്‍ ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിക്കാന്‍ സിബിഐ സഹായിച്ചു.
കംബോഡിയന്‍ അധികൃതരുടെ സഹായത്തോടെ 2025 ജൂലൈയില്‍ ധില്ലയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തി.
അതിനുശേഷം ഝജ്ജര്‍ ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെയാണ് കംബോഡിയന്‍ പങ്കാളിയെ വിവാഹം കഴിക്കാന്‍ കോടതി പ്രത്യേകമായി 12 മണിക്കൂര്‍ കസ്റ്റഡി പരോള്‍ അനുവദിച്ചത്.
വിവാഹച്ചടങ്ങുകള്‍ക്കായി ജയിലിന് പുറത്തേക്ക് എത്തിയെങ്കിലും ചടങ്ങുകള്‍ കഴിഞ്ഞതോടെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ ജയിലിലേക്ക് മടങ്ങുകയായിരുന്നു.