‘ഇത് സഭയുടെ വിവേകപൂർണ്ണമായ മൗനം’: നിക്കരാഗ്വയിൽ നിന്ന് വെളിപ്പെടുത്തലുമായി ഒരു വൈദികൻ

 
09888

ഒർട്ടേഗ ഭരണകൂടത്തിന്റെ കടുത്ത അടിച്ചമർത്തലുകൾക്കിടയിലും തങ്ങൾ ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുകയാണെന്ന വെളിപ്പെടുത്തലുമായി നിക്കരാഗ്വയിലെ കത്തോലിക്കാ വൈദികൻ. സുരക്ഷാ കാരണങ്ങളാൽ പേര് വെളിപ്പെടുത്താൻ വൈദികൻ തയ്യാറായില്ല. നിക്കരാഗ്വയിലെ എസ്റ്റെലി രൂപതയുടെ മുൻ ബിഷപ്പായ അബെലാർദോ മാറ്റയെ (Abelardo Mata) ഭരണകൂടം രണ്ടാമതും തടങ്കലിലാക്കിയ പശ്ചാത്തലത്തിലാണ് വൈദികന്റെ ഈ പ്രതികരണം പുറത്തുവരുന്നത്.

“പുറത്തുനിന്നു നോക്കുന്നവർക്ക് സഭ പൂർണ്ണമായും നിശബ്ദത പാലിക്കുന്നതായി തോന്നാം. എന്നാൽ ഇത് ഭയന്നു പിന്മാറലോ നിസ്സംഗതയോ അല്ല. കടുത്ത പ്രതിസന്ധി ഘട്ടത്തിൽ വിശ്വാസികളുടെ സുരക്ഷ മുൻനിർത്തി സഭ പുലർത്തുന്ന വിവേകപൂർണ്ണമായ നിശബ്ദതയും ആഴമേറിയ ഇടയ ഉത്തരവാദിത്തവുമാണ്”- അദ്ദേഹം വ്യക്തമാക്കി.

ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്ക് മുന്നിൽ സഭ തളർന്നുപോയിട്ടില്ലെന്നും സാധ്യമായ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ജനങ്ങൾക്ക് ആത്മീയ പിന്തുണ നൽകാനും അവരുടെ വിശ്വാസം നിലനിർത്താനും വൈദികരും സഭാനേതൃത്വവും രഹസ്യമായും ജാഗ്രതയോടെയും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സഭ നേരിടുന്ന ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികളിലൊന്നിലൂടെയാണ് നിക്കരാഗ്വയിലെ ക്രൈസ്തവർ ഇപ്പോൾ കടന്നുപോകുന്നത്.

ബിഷപ്പ് മാറ്റ ഇപ്പോൾ വീട്ടുതടങ്കലിൽ അല്ലെന്നും അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് വ്യക്തമായ വിവരമില്ലെന്നുമാണ് സഭയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Tags

Share this story

From Around the Web