മാറിയത് 36-ാമത്തെ ഉദ്യോഗസ്ഥന്‍, ഉദ്യോഗസ്ഥര്‍ മാറുന്നത് ആദ്യത്തെ സംഭവമല്ല; എക്‌സൈസ് കമ്മീഷണറെ മാറ്റിയതില്‍ വിശദീകരണവുമായി എം. ലിജു

 
liju


തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് സീറാം സാംബശിവ റാവുവിനെ നീക്കിയ നടപടിയില്‍ പ്രതികരണവുമായി എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു. സര്‍വീസില്‍ ഉദ്യോഗസ്ഥര്‍ മാറുന്നത് സ്വാഭാവിക പ്രക്രിയയാണെന്നും കഴിഞ്ഞ ദിവസം മാത്രം വകുപ്പില്‍ 35-ഓളം ഉദ്യോഗസ്ഥര്‍ സ്ഥലംമാറിപ്പോയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 


ഇന്ന് 36-ാമതൊരു ഉദ്യോഗസ്ഥന്‍ മാറിയെന്നതിനപ്പുറം ഇതില്‍ പ്രത്യേകതയൊന്നുമില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. കാര്യങ്ങളെല്ലാം നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെപ്പറ്റി താന്‍ സംസാരിച്ചത് എഫ്.എല്‍ 3 ലൈസന്‍സിനെക്കുറിച്ചാണെന്നും എഫ്.എല്‍ 7 ലൈസന്‍സിന്റെ കാര്യത്തില്‍ അങ്ങനെ ഒരു പരാമര്‍ശം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന ഒരു ബാര്‍ ഒരു അപേക്ഷയുടെ മാത്രം ബലത്തില്‍ വൈന്‍ പാര്‍ലറാക്കി മാറ്റുകയും, പിന്നീട് അത് ബാറായി മാറ്റിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന രീതി ശരിയല്ലെന്ന് മന്ത്രി തുറന്നടിച്ചു. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന സര്‍ക്കാരാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 ബാര്‍ ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്നതിനിടെയാണ് എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയത്. 

മന്ത്രിയെയോ സര്‍ക്കാരിനെയോ അറിയിക്കാതെ പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയതും, സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരെ കമ്മീഷണര്‍ ന്യായീകരിച്ചതുമാണ് സ്ഥാനചലനത്തിന് വഴിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.


ബേക്കറികള്‍ വഴി വൈന്‍ വില്‍പ്പന നടത്തുന്നതിനും 3 ബിയര്‍ പാര്‍ലറുകള്‍ ബാറുകളാക്കി മാറ്റുന്നതിനും നെടുമ്പാശേരി സിയാല്‍ ലോഞ്ചില്‍ രണ്ട് പുതിയ ബാറുകള്‍ക്കും മന്ത്രിയുടെ അറിവില്ലാതെയാണ് അനുമതി നല്‍കിയിരുന്നത്.

 പുതിയ മദ്യനയം വരുന്നത് വരെ പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കരുതെന്ന മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം തുടര്‍ച്ചയായി ലംഘിക്കപ്പെട്ടതാണ് എക്‌സൈസ് വകുപ്പില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായത്.

Tags

Share this story

From Around the Web