ഈ സര്‍ക്കാരില്‍ ഇങ്ങനേ പറ്റില്ല..! ആശുപത്രി ജീവനക്കാരുടെ മോശം പെരുമാറ്റം. കര്‍ശന നടപടിയുമായി ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന സാധാരണക്കാരോട് ജീവനക്കാര്‍ കാണിക്കുന്ന മോശം പെരുമാറ്റത്തിനും ആശയവിനിമയത്തിലെ പാളിച്ചകള്‍ക്കും അന്ത്യം കുറിക്കാന്‍ കര്‍ശന നടപടിയുമായി ആരോഗ്യ വകുപ്പ്.
സംസ്ഥാനത്തെ താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ ഡോക്ടര്‍മാര്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും നിര്‍ബന്ധിത പരിശീലനം നല്‍കാന്‍ ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ ഉത്തരവിട്ടു. ആശുപത്രികളെ പൂര്‍ണ്ണമായും രോഗീസൗഹൃദമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
രോഗികളോടും കൂട്ടിരിപ്പുകാരുമായും എങ്ങനെ മാന്യമായി പെരുമാറണം എന്നത് സംബന്ധിച്ച് കൃത്യമായ പരിശീലനമാണ് നല്‍കുന്നത്.
മാസ്റ്റര്‍ ട്രെയിനര്‍മാര്‍: മെഡിക്കല്‍ കോളേജുകളില്‍ നാല് ഉദ്യോഗസ്ഥരെ വീതം കണ്ടെത്തി അപെക്‌സ് ട്രോമ ആന്‍ഡ് എമര്‍ജന്‍സി ലേണിംഗ് സെന്റര്‍ മുഖേന പരിശീലനം നല്‍കും. ജില്ലാതല ആശുപത്രികള്‍ക്കായി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ വഴിയും പരിശീലനം നല്‍കും.
ബാച്ചുകള്‍: ആശുപത്രി പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത രീതിയില്‍ പത്ത് പേരടങ്ങുന്ന ബാച്ചുകളായി പത്തുദിവസം നീളുന്നതായിരിക്കും പരിശീലന പരിപാടി.
സുരക്ഷാ ജീവനക്കാര്‍ക്ക് മുന്‍ഗണന: രോഗികളുമായി ആദ്യം മുഖാമുഖം വരുന്ന സുരക്ഷാ ജീവനക്കാര്‍ക്ക് ഈ പരിശീലനത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കും.
കരാര്‍, താല്‍ക്കാലിക, ഔട്ട്സോഴ്സിംഗ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ബന്ധമായും പരിശീലനം പൂര്‍ത്തിയാക്കണം. പരിശീലനം പൂര്‍ത്തിയാക്കാത്ത ഒരു സുരക്ഷാ ജീവനക്കാരനെയും ജോലി തുടരാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
അടുത്ത രണ്ട് മാസത്തിനുള്ളില്‍ തന്നെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലെയും അര്‍ഹരായ മുഴുവന്‍ ജീവനക്കാരും പരിശീലനം പൂര്‍ത്തിയാക്കണമെന്നാണ് കര്‍ശന നിര്‍ദ്ദേശം. ആശുപത്രികളിലെ ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് പരാതികള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു മാതൃകാപരമായ നീക്കം.