'ഇത് കേരള വിദ്യാഭ്യാസത്തില്‍ യോജിച്ച കാര്യമല്ല, ഇങ്ങനെയൊക്കെ കുട്ടികളോടു ചെയ്യാന്‍ ആരാണ് അധികാരം നല്‍കിയത്?'; മന്ത്രി വി ശിവന്‍കുട്ടി

 
Sivankutty



കൊച്ചി:കൊച്ചിയിലെ തൃക്കാക്കരയിലുള്ള കൊച്ചിന്‍ പബ്ലിക് സ്‌കൂളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി താമസിച്ചെത്തിയതിന്, ആ കുട്ടിയെ സ്‌കൂള്‍ ഗ്രൗണ്ടില്‍ മൂന്ന് റൗണ്ട് ഓടിക്കുകയും അതിനുശേഷം ഒരു ക്ലാസ് മുറിയില്‍ ഒറ്റയ്ക്കിരുത്തുകയും ചെയ്തു.

രാവിലെ 8:30-നാണ് സ്‌കൂളില്‍ ക്ലാസ് ആരംഭിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയുന്ന ഒരു നടപടിയല്ല. കൊച്ചിന്‍ പബ്ലിക് സ്‌കൂള്‍ ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണെങ്കിലും, കേരള വിദ്യാഭ്യാസ ചട്ടങ്ങളും വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ അവകാശ നിയമങ്ങളും പാലിക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്.


പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എന്‍.ഒ.സി (ചഛഇ) ലഭിച്ചതിന് ശേഷമാണ് അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. മറ്റ് വിദ്യാലയങ്ങള്‍ക്ക് ബാധകമായ എല്ലാ നിയമങ്ങളും ഈ സ്‌കൂളിനും ബാധകമാണ്. കുട്ടികളെ അനാവശ്യമായി ശിക്ഷിക്കാനോ, ഇഷ്ടം പോലെ നിയമങ്ങള്‍ ഉണ്ടാക്കാനോ, ഒരു പരിധിയുമില്ലാതെ ഫീസ് വാങ്ങാനോ പാടില്ല.

കുട്ടിയുടെ പിതാവിനോട് സംസാരിച്ചപ്പോള്‍, വേണമെങ്കില്‍ ടി.സി. വാങ്ങി പോകാന്‍ സ്‌കൂള്‍ അധികാരികള്‍ ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു. എന്നാല്‍, കേരളത്തില്‍ അങ്ങനെയൊരു നിയമമില്ലെന്നും, ഇഷ്ടമുള്ളപ്പോള്‍ കുട്ടികളെ ചേര്‍ക്കാനും ഇഷ്ടമില്ലാത്തപ്പോള്‍ ടി.സി. വാങ്ങി പോകാന്‍ പറയാനും അധികാരം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ നാളെ ലഭ്യമായേക്കും, അതിനുശേഷം വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും അറിയിച്ചു. കുട്ടിയുടെ രക്ഷിതാവ് ഫോണില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും, കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു

കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് ആ കുട്ടി അവിടെത്തന്നെ പഠിക്കണം എന്നാണ് ആഗ്രഹം, ടി.സി. വാങ്ങേണ്ടെന്ന് മന്ത്രി പറഞ്ഞതായും അറിയിച്ചു. വൈകിയെത്തുന്ന കുട്ടികളെ ഈ സ്‌കൂളില്‍ നിരന്തരമായി ഓടിക്കാറുണ്ടെന്നും അതിനെ 'ജോഗിംഗ്' എന്ന് വിളിക്കാറുണ്ടെന്നും ആരോപണമുണ്ട്. ഒന്നോ രണ്ടോ മിനിറ്റ് വൈകിയെത്തുന്ന എല്ലാ കുട്ടികളെയും രണ്ട് റൗണ്ടോ മൂന്ന് റൗണ്ടോ ഓടിക്കുന്നതും പിന്നീട് ഒറ്റയ്ക്ക് ഒരു മുറിയില്‍ ഇരുത്തുന്നതും ഇവിടെ നിത്യ സംഭവമാണെന്ന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഇത്തരം കാര്യങ്ങള്‍ സ്‌കൂളിന്റെ ഡയറിയില്‍ അവരുടെ നിയമമായി പ്രിന്റ് ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു, എന്നാല്‍ ഡയറിയില്‍ അങ്ങനെ പ്രിന്റ് ചെയ്യാന്‍ അവര്‍ക്ക് ആരും അധികാരം നല്‍കിയിട്ടില്ല. 


ഇത്തരം നടപടികള്‍ പല സ്‌കൂളുകളിലും നടക്കാറുണ്ടെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും റിപ്പോര്‍ട്ടുണ്ട്. പല സ്‌കൂളുകളും സ്വന്തം ഇഷ്ടപ്രകാരം നിയമങ്ങളുണ്ടാക്കുകയും അത് പാലിക്കാത്ത കുട്ടികളെ പീഡിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്.

പി.ടി.എ, മാനേജ്മെന്റ്, അധ്യാപകര്‍ ആരു പറഞ്ഞാലും പൊതുവായ ചില നിയമങ്ങള്‍ അനുസരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ഈ കാര്യങ്ങളില്‍ കുറെ നാളുകളായി സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്നും പതിയെ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ടെന്നും പറഞ്ഞു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഈ അനാവശ്യ നിയമങ്ങള്‍ മാറ്റാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.

കൊച്ചിയില്‍ നേരത്തെയും ഇതുപോലൊരു പ്രശ്‌നം ഒരു സ്‌കൂളില്‍ ഉണ്ടായിട്ടുണ്ടായിരുന്നു, ഇതെല്ലാം സി.ബി.എസ്.ഇ. സ്‌കൂളുകളിലാണ് നടക്കുന്നത്. ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ ജനങ്ങളും മാധ്യമങ്ങളും ഒറ്റക്കെട്ടായി നിന്നാല്‍ കഴിയുമെന്നും, അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ഈ കാര്യത്തില്‍ ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്നും പറഞ്ഞു. 

അനാവശ്യ നിയമങ്ങളും പീഡനങ്ങളും അവസാനിപ്പിക്കാന്‍ കഴിയുമെന്നും അതിന് അനുകൂലമല്ലാത്ത വിദ്യാലയ അധികാരികള്‍ ഒറ്റപ്പെടുമെന്നും വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് മൂന്ന് മാസക്കാലയളവിലുണ്ടായ പ്രശ്‌നങ്ങളില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഈ കാര്യത്തിലും സമാനമായ നടപടി ഉണ്ടാകുമെന്നും അറിയിച്ചു.

Tags

Share this story

From Around the Web