“ഇത് എന്റെ അനന്തരവൾക്കു വേണ്ടിയാണ്”: അൾജീരിയയിൽ വച്ച് ആഭരണം തിരഞ്ഞെടുത്ത് ലെയോ പാപ്പ
കഴിഞ്ഞ തിങ്കളാഴ്ച, അൾജീരിയൻ തലസ്ഥാനത്തെ ബാബ് എൽ ഔഡിലെ അഗസ്റ്റീനിയൻ മിഷനറി സഹോദരിമാർ ലെയോ പതിനാലാമൻ മാർപാപ്പയെ തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെ സ്വാഗതം ചെയ്തു.
ഇത് ആദ്യമായാണ് മാർപാപ്പ ആയതിനു ശേഷം ലെയോ പാപ്പ അൾജീരിയ സന്ദർശിക്കുന്നത്.
എന്നാൽ 2004-ലും 2009-ലും അഗസ്റ്റീനിയൻ ഓർഡറിന്റെ പ്രിയോർ ജനറലായിരുന്നപ്പോൾ പാപ്പ ഈ പ്രദേശം സന്ദർശിച്ചിട്ടുണ്ട്.
സന്ദർശനം സ്വകാര്യമായിരുന്നുവെങ്കിലും, ഈ സമൂഹത്തോടൊപ്പം മാർപാപ്പ പങ്കുവെച്ച ഏറ്റവും ഹൃദയസ്പർശിയായ നിമിഷങ്ങളിലൊന്ന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 53 വർഷത്തിലേറെയായി അൾജീരിയയിലുള്ള സി. ലൂർദ് മിഗ്വാലസ്, മാർപാപ്പയെ ‘വെൽക്കം ആൻഡ് ഫ്രണ്ട്ഷിപ്പ് സെന്ററിലെ’ വർക്ക് ഷോപ്പിലേക്ക് നയിച്ചു.
ദരിദ്രരായ മുസ്ലീം സ്ത്രീകൾക്ക് തുന്നലും കരകൗശല വസ്തുക്കളും ആഭരണ നിർമ്മാണവും സന്യാസിനിമാർ ഇവിടെ പഠിപ്പിച്ചുകൊടുക്കുന്നു. ആ സ്ത്രീകൾ, തങ്ങൾ സ്വന്തം കൈകൾ കൊണ്ട് നിർമ്മിച്ച ഉൽപ്പന്നങ്ങൾ മാർപാപ്പയെ കാണിച്ചു.
പ്രാദേശിക കരകൗശല വിദഗ്ധർ ലളിതമായ വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ആഭരണങ്ങളുടെ ചെറിയ പ്രദർശനത്തിന് മുന്നിൽ മാർപാപ്പ അൽപ്പനേരം നിന്നു.
അവിടെയുള്ള മാലകളും വളകളും കമ്മലുകളും പാപ്പ ശ്രദ്ധിച്ചു. പെട്ടന്ന് തന്നെ, തന്റെ അനന്തരവൾക്കു (സഹോദരൻ ലൂയിസ് പ്രെവോസ്റ്റിന്റെ മകൾ) നൽകാൻ പാപ്പ ഒരു ആഭരണം തിരഞ്ഞെടുത്തു.
ഈ ദൃശ്യങ്ങൾ, ആഭരണങ്ങൾ നിർമ്മിച്ച കരകൗശല ബ്രാൻഡ് പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ചെമ്പും പവിഴവും കൊണ്ട് നിർമ്മിച്ച, ‘ട്രീ ഓഫ് ലൈഫ്’ (ജീവവൃക്ഷം) എന്ന് പേരുള്ള ഒരു മാലയാണ് ലെയോ പാപ്പ തിരഞ്ഞെടുത്തത്.
ആഭരണങ്ങൾ ഒരുക്കിയ സ്ത്രീകളിലൊരാളോട് മാർപാപ്പ സംസാരിക്കുന്നത് വീഡിയോയിൽ കാണാം.
“ഇതിന്റെ പേരെന്താണ്?” എന്ന് മാർപാപ്പ ചോദിച്ചതിന് “ട്രീ ഓഫ് ലൈഫ്, പക്ഷേ കമ്മലുകൾ ഇല്ല,” അവർ സ്പാനിഷ് ഭാഷയിൽ മറുപടി നൽകി.
“അല്ല, ഇത് എനിക്കല്ല, എന്റെ അനന്തരവൾക്ക് സമ്മാനമായി കൊടുക്കാനാണ്,” എന്ന് പാപ്പ പുഞ്ചിരിയോടെ മറുപടിയും നൽകി.
പിന്നീട് പുറത്തുവന്ന മറ്റൊരു ചിത്രത്തിൽ, താൻ നിർമ്മിച്ച ഒരു വസ്തു മാർപാപ്പ തിരഞ്ഞെടുത്തതിന്റെ സന്തോഷത്തിൽ ആ യുവതി ആ സമ്മാനം പൊതിയുന്നതും കാണാം.