ലോട്ടറി അടിച്ചത് സര്‍ക്കാരിന്, തിരുവോണം ബമ്പര്‍ റെക്കോര്‍ഡ് വില്പന: അടിച്ച മുഴുവന്‍ ടിക്കറ്റും വിറ്റുതീര്‍ന്നു
തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റില്‍ റെക്കോര്‍ഡ് വില്പന. അടിച്ച മുഴുവന്‍ ടിക്കറ്റും വിറ്റഴിക്കപ്പെടുന്ന ആദ്യ ലോട്ടറി എന്ന റോക്കോര്‍ഡ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ സ്വന്തമാക്കി.
ഏറ്റവും കൂടുതല്‍ വില്പന നടന്നത് പാലക്കാട് ജില്ലയിലാണ്. തൃശ്ശൂര്‍ ജില്ലാ രണ്ടാം സ്ഥാനത്തും തിരുവനന്തപുരം മൂന്നാം സ്ഥാനത്തും. ഏറ്റവും കുറവ് ഭാഗ്യക്കുറി വില്പന നടന്നത് കാസര്‍ഗോഡ് ജില്ലയിലാണ്.
90 ലക്ഷം ടിക്കറ്റുകളാണ് ഇക്കുറി ഓണം ബമ്പറിനായി അച്ചടിച്ചത്. നാളെ നറുക്കെടുപ്പ് നടക്കാനിരിക്കെയാണ് കണക്ക് പുറത്തുവന്നിരിക്കുന്നത്.
ഇത്തവണത്തെ ഓണം ബംപറിന് നിരവധി പ്രത്യേകതകളാണ് ഉള്ളത്. ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക, ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ അച്ചടിച്ചത് തുടങ്ങിയ കാര്യങ്ങളില്‍ ഈ വര്‍ഷത്തെ ഓണം ബംപറാണ് മുന്നില്‍.
ഇപ്പോഴിതാ അച്ചടിച്ച എല്ലാ ടിക്കറ്റുകളും വിറ്റുപോയി എന്ന റെക്കോര്‍ഡും സ്വന്തമാക്കി. 2026ലെ തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം 30 കോടി രൂപയാണ്.
രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേര്‍ക്കും ലഭിക്കും. അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേര്‍ക്കാണ് ലഭിക്കുക.
കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. ടിക്കറ്റ് വില 500 രൂപയാണ്.
ലോട്ടറി വകുപ്പില്‍ നിന്നും ഹോള്‍സെയില്‍ ഏജന്റുമാരില്‍ നിന്നും ചില്ലറ വില്പനക്കാര്‍ വാങ്ങിയ ബാക്കിയുള്ള ടിക്കറ്റുകളും ഇന്നും നാളെയുമായി പൂര്‍ണമായി വിറ്റഴിയുമെന്നാണ് കണക്കാക്കുന്നത്.
90 ലക്ഷം ടിക്കറ്റുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയത് പാലക്കാട് ജില്ലയിലാണ്. 20 ലക്ഷം ടിക്കറ്റുകളാണ് ജില്ലയില്‍ വിറ്റഴിച്ചത്.