തിരുവനന്തപുരം നഗരസഭയിലെ രാജി നാടകം ഒത്തുതീര്‍പ്പിലേക്ക്; വാട്‌സ്ആപ്പ് സന്ദേശം പിന്‍വലിച്ച് ആര്‍. ശ്രീലേഖ
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി ഭരണത്തെ പ്രതിസന്ധിയിലാക്കിയ മുന്‍ ഡിജിപിയും ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറുമായ ആര്‍. ശ്രീലേഖയുടെ രാജി നീക്കം ഒത്തുതീര്‍പ്പിലേക്ക്. കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ട സന്ദേശം അവര്‍ പിന്നീട് പിന്‍വലിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ ഇടപെടലിലും സമവായ ചര്‍ച്ചകളിലുമാണ് താല്‍ക്കാലിക പരിഹാരമായത്. കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് ഔദ്യോഗികമായി രാജിക്കത്ത് കൈമാറുന്നത് തടയാന്‍ പാര്‍ട്ടി നേതൃത്വത്തിന് സാധിച്ചതോടെയാണ് ഭരണ പ്രതിസന്ധി ഒഴിവായത്.
അതേസമയം, ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് രാജിവെച്ചിട്ടില്ലെന്നും അവര്‍ പദവിയില്‍ തന്നെ തുടരുമെന്നും തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് വ്യക്തമാക്കി. നഗരസഭയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിനുള്ള ചില നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കത്താണ് അവര്‍ നല്‍കിയതെന്നും, അവര്‍ക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 30-ന് സ്വകാര്യ കാരണങ്ങളാല്‍ രാജിവെക്കുകയാണെന്ന് അറിയിച്ച് മേയര്‍ക്ക് കത്ത് നല്‍കിയതായും ഇതിന്റെ പകര്‍പ്പ് കളക്ടര്‍ക്ക് കൈമാറുമെന്നും വ്യക്തമാക്കി ശ്രീലേഖ വാര്‍ഡ് ഗ്രൂപ്പില്‍ സന്ദേശമയച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ ആര്‍. ശ്രീലേഖ, പോലീസില്‍ നിന്ന് ഡിജിപിയായി വിരമിച്ച ശേഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ അവര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശാസ്തമംഗലം വാര്‍ഡില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയെങ്കിലും പിന്നീട് വി.വി. രാജേഷിനെ മേയറാക്കിയതില്‍ അവര്‍ക്ക് അമര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ച് പരാജയപ്പെട്ടതും പാര്‍ട്ടിയിലെ ചില അവഗണനകളുമാണ് രാജി നീക്കത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു.
നേതൃത്വം നടത്തിയ തന്ത്രപരമായ അനുനയ നീക്കങ്ങള്‍ക്കൊടുവില്‍ ശ്രീലേഖ രാജി തീരുമാനത്തില്‍ നിന്ന് പിന്മാറിയതായാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 5 ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ശ്രീലേഖയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. അതേസമയം, ഉയര്‍ന്നുവന്ന രാഷ്ട്രീയ വിവാദങ്ങളിലും സന്ദേശം പിന്‍വലിച്ച സംഭവത്തിലും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ആര്‍. ശ്രീലേഖ ഇതുവരെ തയ്യാറായിട്ടില്ല