തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഒപ്പ് വിവാദം; സിസിടിവി പരിശോധനയ്ക്ക് പൊലീസിന്റെ നീക്കം, ക്യാമറകള്‍ പ്രവര്‍ത്തനരഹിതമെന്ന് കോര്‍പ്പറേഷന്‍
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വ്യാജ ഒപ്പ് വിവാദത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. കോര്‍പ്പറേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനായി അന്വേഷണസംഘം സെക്രട്ടറിക്ക് കത്ത് നല്‍കി. കൗണ്‍സില്‍ ഹാളിലെയും കവാടത്തിലെയും സിസിടിവികള്‍ പരിശോധിക്കാനാണ് പൊലീസ് അനുമതി തേടിയതെങ്കിലും, ഇവ പ്രവര്‍ത്തനരഹിതമാണെന്നാണ് കോര്‍പ്പറേഷന്റെ മറുപടി.
സിസിടിവി പരിശോധനയ്ക്ക് പിന്നാലെ മേയര്‍, നഗരസഭാ സെക്രട്ടറി, പരാതിക്കാരനായ ആര്‍. സുഗതന്‍ എന്നിവരുടെ മൊഴികള്‍ പൊലീസ് രേഖപ്പെടുത്തും. ഫെബ്രുവരി 26, മാര്‍ച്ച് 11, ഏപ്രില്‍ 27 തീയതികളില്‍ നടന്ന കൗണ്‍സില്‍ യോഗങ്ങളിലെ രജിസ്റ്ററില്‍ സുഗതന്റെ പേരില്‍ വ്യാജ ഒപ്പ് രേഖപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് എഫ്.ഐ.ആറിലെ പ്രധാന പരാമര്‍ശം. ഒന്നാം പ്രതിയായ മേയറും രണ്ടാം പ്രതിയായ നഗരസഭാ സെക്രട്ടറിയും മൂന്നാം പ്രതിയായ സുഗതനും കുറ്റകൃത്യത്തിന് കൂട്ടുനിന്നുവെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നുണ്ട്.
സി.പി.ഐ.എം നേതാവ് എസ്.പി. ദീപക് നല്‍കിയ പരാതിയില്‍ മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണര്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.