തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം, ബിജെപി കൗൺസിലർമാർക്കെതിരെ കേസ്
Jun 30, 2026, 07:21 IST
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ബിജെപി കൗൺസിലർമാർക്കെതിരെ പോലീസ് കേസെടുത്തു. യുഡിഎഫ് വനിതാ കൗൺസിലർമാരുടെ പരാതിയിലാണ് നടപടി. ചെമ്പഴന്തി ഉദയൻ, ഗിരി, രതീഷ്, പാപ്പനംകോട് സജി എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്.
വനിതാ കൗൺസിലർമാരായ ഷേർലിയെയും അനിതയെയും പ്രതികൾ ദേഹോപദ്രവം ഏൽപ്പിച്ചതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു. ഇതിൽ ചെമ്പഴന്തി ഉദയൻ വനിതാ കൗൺസിലറുടെ കഴുത്തിന് പുറകിൽ ബലമായി മർദ്ദിച്ചുവെന്നും, മറ്റ് പ്രതികൾ ചേർന്ന് ആക്രമിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. കൗൺസിൽ യോഗത്തിനിടെയുണ്ടായ വാക്കേറ്റവും തുടർന്നുണ്ടായ സംഘർഷവുമാണ് ഒടുവിൽ കേസിൽ കലാശിച്ചത്.