സ്മൃതി 2026: മോറാൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ രണ്ടാം ചരമ വാർഷിക അനുസ്മരണ സമ്മേളനം തിരുവല്ലയിൽ നടന്നു

 
 2nd death anniversary.jpg 0.9
ബിലീവേഴ്സ് ഈസ്‌റ്റേൺ സഭയുടെ പ്രഥമ അദ്ധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ  രണ്ടാം ചരമവാർഷിക അനുസ്മരണ സമ്മേളനം 'സ്മൃതി 2026' ൻ്റെ ഉദ്ഘാടനം മലങ്കര ഓർത്തഡോക്സ് യാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയസ് ജോസഫ് കാതോലിക്കാ ബാവ   നിർവഹിക്കുന്നു.

തിരുവല്ല: ബിലീവേഴ്സ് ഈസ്‌റ്റേൺ സഭയുടെ പ്രഥമ അദ്ധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തയുടെ രണ്ടാമത് ചരമവാർഷികത്തോടനുബന്ധിച്ച് തിരുവല്ലയിൽ സംഘടിപ്പിച്ച 'സ്മൃതി 2026' അനുസ്മരണ സമ്മേളനം വിവിധ മതമേലധ്യക്ഷന്മാരുടെയും രാഷ്ട്രീയ സാമൂഹിക നേതാക്കന്മാരുടെയും വിശ്വാസികളുടെയും മഹനീയസാന്നിധ്യത്തിൽ നടന്നു. 

ബിലീവേഴ്സ് ഈസ്റ്റേൺ സഭാ ആസ്ഥാനത്ത് മോർ അത്തനേഷ്യസ് യോഹാൻ മെമ്മോറിയൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ ഡോ. സാമുവൽ തിയോഫിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. 

മലങ്കര ഓർത്തഡോക്സ് യാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയസ് ജോസഫ് കാതോലിക്കാ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും മെത്രാപ്പോലീത്തയുടെ സ്മരണാർത്ഥം തയ്യാറാക്കിയ 'ഡെയ്‌ലി തോട്ട്‌സ്' എന്ന പുസ്തകത്തിൻ്റെ പ്രകാശനം നിർവഹിക്കുകയും ചെയ്തു.

ശാന്തിഗിരി ആശ്രമം അധ്യക്ഷൻ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയാണ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങിയത്.

സമ്മേളനത്തിന്റെ ഭാഗമായി നിർമ്മിച്ച 'സ്മൃതി ഭവനത്തി'ന്റെ താക്കോൽദാനം മലങ്കര സ്വതന്ത്ര സുറിയാനി സഭാ പരമാധ്യക്ഷൻ ഹിസ് ഗ്രേസ് സിറിൾ മോർ ബസേലിയസ് മെത്രാപ്പോലീത്ത നിർവഹിച്ചു. 

മാർത്തോമ്മാ സുറിയാനി സഭയിലെ മുതിർന്ന വൈദികൻ റവ. ഡോ. മോത്തി വർക്കി അനുസ്മരണപ്രഭാഷണം നടത്തി. 

ചടങ്ങിൽ കേരള കൗൺസിൽ ഓഫ് ചർച്ചസ് അധ്യക്ഷൻ അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, മലങ്കര യാക്കോബായ ക്നാനായ സഭാ മുഖ്യ മെത്രാപ്പോലീത്ത അഭിവന്ദ്യ സെവേറിയോസ് കുര്യാക്കോസ്, സിറോ മലബാർ കത്തോലിക്കാ ചർച്ച് മുൻ മാവേലിക്കര ബിഷപ്പ് അഭിവന്ദ്യ ഡോ ജോഷ്വാ മോർ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത, പാളയം ജുമാ മസ്ജിദ് ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, മലങ്കര മർതോമാ സിറിയൻ ചർച്ച് അഭിവന്ദ്യ മാത്യൂസ് മോർ സെറാഫിം എപ്പിസ്‌കോപ്പാ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ കൊല്ലം - കൊട്ടാരക്കര രൂപതാ റവ ജോസ് ജോർജ്, സാൽവേഷൻ ആർമി ചീഫ് സെക്രട്ടറി ലെഫ് കേണൽ ജേക്കബ് ജോൺ ജോസഫ്, മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ തുടങ്ങിയ പ്രമുഖർ ആശംസകൾ അർപ്പിച്ചു. 

ബിലീവേഴ്സ് ഈസ്‌റ്റേൺ സഭാ തിരുവനന്തപുരം അതിരൂപതാ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാത്യൂസ് മോർ സിൽവാനോസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ഔദ്യോഗിക വക്താവ്  റവ. ഫാ സിജോ പന്തപ്പള്ളിൽ സ്വാഗതവും സഭാ സെക്രട്ടറി റവ. ഫാ ഡോ. ഡാനിയേൽ ജോൺസൺ നന്ദിയും രേഖപ്പെടുത്തി.

രാവിലെ 7 മണിക്ക് സ്മാരക പ്രാർത്ഥനയും വിശുദ്ധ കുർബാനയും ഖബറിങ്കൽ ധൂപ പ്രാർത്ഥനയും നടത്തിയാണ് അനുസ്‌മരണച്ചടങ്ങുകൾക്ക് തുടക്കമായത്. 

ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ അഭിവന്ദ്യ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തയുടെ സ്മരണാർത്ഥം വിവിധ പ്രാർത്ഥനാ , സന്നദ്ധ പ്രവർത്തനങ്ങൾ നടന്നു .

അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന കലാസന്ധ്യ പ്രശസ്‌ത സിനിമാ സംവിധായകൻ ബ്ലസ്സി ഉദ്ഘാടനം ചെയ്തു. 

പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി, പിന്നണി ഗായകരായ എം.ജി. ശ്രീകുമാർ, അഞ്ജു ജോസഫ്, ശ്യാം പ്രസാദ് എന്നിവർ നയിച്ച 'സ്മൃതി എക്കോസ് ഇൻ മെലഡി' (Smrithi Echoes in Melody) എന്ന സംഗീത പരിപാടിയും നടന്നു.

Tags

Share this story

From Around the Web