ശാസ്ത്രവും സാങ്കേതികവിദ്യയും മനുഷ്യനന്മയ്ക്കായി വിനിയോഗിക്കണം; മാർത്തോമ്മാ സഭാ ശാസ്ത്ര പുരസ്കാരം ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥിന് സമ്മാനിച്ച് ഡോ. തിയഡോഷ്യസ് മാർത്തോമ്മ

തിരുവല്ല: ശാസ്ത്രവും സാങ്കേതികവിദ്യയും മനുഷ്യനന്മയ്ക്കും പുരോഗതിക്കും പ്രയോജനകരമാകണമെന്ന് മാർത്തോമ്മാ സഭാ മെത്രാപ്പൊലീത്ത ഡോ. തിയഡോഷ്യസ് മാർത്തോമ്മാ അഭിപ്രായപ്പെട്ടു.
മാർത്തോമ്മാ സഭയുടെ ശാസ്ത്ര പുരസ്കാരമായ മേൽപാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ് (1 ലക്ഷം രൂപയും പ്രശസ്തിപത്രവും) ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിവ് തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെടേണ്ടതാണ്, ഏതെങ്കിലും വ്യക്തിയിലോ സ്ഥാപനത്തിലോ മാത്രം പരിമിതപ്പെടുത്താതെ സമൂഹത്തിന്റെ വിശാലതയിൽ എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ ശാസ്ത്ര രംഗത്ത് പിന്നാക്കാവസ്ഥയിൽ നിന്ന് വികസിത രാജ്യങ്ങളെ മറികടക്കുന്ന നിലയിലേക്ക് മുന്നേറിയതായി ഡോ. എസ്. സോമനാഥ് പ്രതികരിച്ചു. ഗവേഷണത്തിലും സംരംഭകത്വത്തിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
യുവശാസ്ത്രജ്ഞർക്കുള്ള അവാർഡ് (50,000 രൂപ) ധൻബാദ് ഐഐടി അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബോധിസ്തവ ഹസ്രയ്ക്ക് സമ്മാനിച്ചു.
അവാർഡ് സമ്മേളനത്തിന് ഡോ. ഐസക് മാർ പീലക്സിനോസ് അധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, സീനിയർ വികാരി ജനറൽ റവ. മാത്യു ജോൺ, സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ, അൽമായ ട്രസ്റ്റി അൻസിൽ സഖറിയ കോമാട്ട്, കേണൽ ജോൺ ജേക്കബ് ആറ്റുമാലിൽ എന്നിവർ പ്രസംഗിച്ചു.
അവാർഡ് ഏർപ്പെടുത്തിയ എ.വി. ജോൺസ് ആറ്റുമാലിലിന്റെ അനുസ്മരണവും നടത്തി. ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള ജോർജ് സ്കോളർ സ്കോളർഷിപ്പ്, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന പിന്നാക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്കുള്ള സാറാമ്മ ജോൺസ് സ്കോളർഷിപ്പ് എന്നിവയും നൽകി. ജീവകാരുണ്യ സ്ഥാപനത്തിനുള്ള പി.എസ്. ജോർജ് ഉപഹാരം മഞ്ഞാലുംമൂട് സ്നേഹതീരത്തിന് സമ്മാനിച്ചു.