ജീവിതശൈലീ രോഗങ്ങളെ ചവിട്ടി തോല്‍പ്പിക്കാന്‍ സൈക്ലിംഗ് ശില്പശാലയുമായി തിരുവല്ല ബിലീവേഴ്‌സ് ആശുപത്രി

 
belivers

തിരുവല്ല : ആശുപത്രി കേന്ദ്രീകരിച്ചു നടക്കുന്ന രാജ്യത്തെ ആദ്യ സൈക്ലിംഗ് ശില്പശാല ഇന്ന് ബിലീവേഴ്‌സ് ആശുപത്രിയില്‍ നടക്കും. ആദ്യമായാണ് ഒരു ദേശീയ മെഡിക്കല്‍ കോണ്‍ക്ലേവിന്റെ ഭാഗമായി ഇത്തരമൊരു പ്രാക്ടിക്കല്‍ സൈക്ലിംഗ് സെഷന്‍ ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 2026 സെപ്റ്റംബര്‍ 25 മുതല്‍ 27 വരെ നടക്കുന്ന കാര്‍ഡിയോ-കിഡ്‌നി-മെറ്റബോളിക് (CKM) ഹെല്‍ത്ത് നാഷണല്‍ കോണ്‍ക്ലേവിന്റെ ഭാഗമായാണ് സൈക്ലിംഗ് വര്‍ക്ക്‌ഷോപ്പ് നടക്കുന്നത്. 

ഹൃദയം, വൃക്ക, മെറ്റബോളിക്ക് പ്രക്രിയകള്‍ എന്നിവയുടെ സമഗ്രമായ സംരക്ഷണത്തിന് സൈക്ലിംഗ് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് വിശദീകരിക്കുന്നതാണ് ഈ സവിശേഷ ശില്പശാല. പ്രശസ്ത പ്രൊഫഷണല്‍ സൈക്ലിസ്റ്റുകള്‍ വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്യും. 

ശരിയായ രീതിയിലുള്ള സൈക്ലിംഗ് പരിശീലനം, വ്യായാമമുറകള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍, പരിക്കുകള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍, സൈക്ലിംഗും സ്ത്രീകളും എന്നിങ്ങനെ വിദഗ്ദ്ധ സെഷനുകള്‍ നടക്കും. ബിലീവേഴ്സ് ആശുപത്രി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍  റോസി മാര്‍സല്‍ 'Why I Ride' എന്ന അനുഭവപങ്കിടലിലൂടെ പരിപാടിക്ക് തുടക്കം കുറിക്കും. 

ഡോ. ദീപക് അരവിന്ദ്, ഡോ. ചെപ്‌സി സി. ഫിലിപ്പ്, ഡോ. കണ്ണന്‍ നായര്‍, ഡോ. സുബിന്‍ ബാബു,Ironman ചലഞ്ചിലൂടെ ശ്രദ്ധേയനായ ശ്രീ സുരേഷ് സാം ചാണ്ടി, സൈക്ലിംഗ് & വെല്‍നെസ് രംഗത്തെ നാസര്‍ എം. സലീം, ന്യൂട്രീഷനിസ്റ്റ്  അന്‍സ സാജു, എന്‍ഡുറന്‍സ് സൈക്ലിസ്റ്റ്  എ. എന്‍. ശോഭ, സൈക്ലിംഗ് ചാമ്പ്യന്‍ മാസ്റ്റര്‍ യോനാഥന്‍ ഉമ്മന്‍  ബിലീവേഴ്സ് ആശുപത്രി ഫിസിയോതെറാപ്പി ടീം, RTO എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ സാജു പി. ചന്ദ്രന്‍, സൈക്ലിംഗ് കോച്ച് സോള്‍വിന്‍ ടോം, അലക്‌സ് വര്‍ഗീസ്,  ഫിയോണ എലിസബത്ത്, മാസ്റ്റര്‍ സെയ്ന്‍ പ്രിന്‍സ് എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും.

സൈക്ലിംഗ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രായോഗികമായി മുന്നോട്ടുപോകുന്നതിനായി 'From Inspiration to Action - Start Your Cycling Journey' എന്ന സെഷനില്‍ ബിലീവേഴ്‌സ് ആശുപത്രി ഐ ടി മാനേജര്‍ ജോമോന്‍ മാത്യു Strava ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തും.

ഒരു യാത്രാമാര്‍ഗ്ഗം എന്നതിലുപരി സമ്പൂര്‍ണ്ണ ആരോഗ്യത്തിന് ഏറ്റവും മികച്ച വ്യായാമങ്ങളിലൊന്നാണ് സൈക്ലിംഗ്. കൃത്യമായ സൈക്ലിംഗ് രക്തസമ്മര്‍ദ്ദം നിയന്ത്രിച്ച് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ച് പ്രമേഹം തടയാനും വൃക്കകളുടെ പ്രവര്‍ത്തനം മികച്ചതാക്കാനും സഹായിക്കുന്നു.

കൂടാതെ, അമിതവണ്ണം കുറയ്ക്കാനും ശരീരത്തിലെ കലോറി വേഗത്തില്‍ എരിച്ചു കളയാനും ഇത് ഉത്തമമാണ്. മാനസിക സമ്മര്‍ദ്ദം അകറ്റി ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടാനും സൈക്ലിംഗ് സഹായിക്കും. 

ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, സൈക്ലിംഗ് പ്രേമികള്‍ എന്നിവരടക്കം നിരവധി പേര്‍ നാളെ ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജില്‍ നടക്കുന്ന ഈ ചടങ്ങില്‍ പങ്കാളികളാകും. ജീവിതശൈലീ രോഗങ്ങളെ ചവിട്ടി തോല്‍പ്പിക്കാം എന്ന സന്ദേശവുമായി കഴിഞ്ഞ പത്തോളം വര്‍ഷങ്ങളായി ദേശീയ ദിനങ്ങളില്‍ ഡോക്ടര്‍മാരും , ആരോഗ്യപ്രവര്‍ത്തകരും മെഡിക്കല്‍ - നഴ്‌സിംഗ്- അലൈഡ് വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും പ്രമുഖ സൈക്ലിസ്റ്റുകളും പങ്കെടുക്കുന്ന ദീര്‍ഘദൂര സൈക്ലോത്തോണുകള്‍ ബിലീവേഴ്‌സ് ആശുപത്രി സംഘടിപ്പിച്ചു വരാറുണ്ട്. 


സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ മുതല്‍ ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരും മറ്റ് സപ്പോര്‍ട്ടിംഗ് ജീവനക്കാരും വരെ അണിനിരക്കുന്ന ഒരു സൈക്ലിംഗ് ക്ലബും ബിലീവേഴ്‌സ് ആശുപത്രിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

Tags

Share this story

From Around the Web