കുടിയേറ്റ ശ്രമത്തിനിടയിൽ കടലിൽ പൊലിഞ്ഞത് മുപ്പത്തിയേഴ് ജീവിതങ്ങൾ: സേവ് ദി ചിൽഡ്രൻ

 
Save the children

യൂറോപ്പ് അതിർത്തിസംരക്ഷണത്തിനും, അനധികൃത കുടിയേറ്റങ്ങൾ തടയുന്നതിനുമുള്ള നടപടികൾക്ക് പ്രാധാന്യം കൊടുക്കുന്നതിനിടെ മെഡിറ്ററേനിയൻ കടലിൽ കഴിഞ്ഞ ദിവസം മുപ്പത്തിയേഴ് ജീവിതങ്ങൾ കൂടി പൊലിഞ്ഞുവെന്ന് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. ഇത്തരം അപകടങ്ങൾ തുടരാതിരിക്കാൻ, മെഡിറ്ററേനിയൻ കടലിൽ ആളുകൾക്ക് അടിയന്തിരസഹായമെത്തിക്കുന്നതിനുവേണ്ടിയുള്ള ഘടനകൾക്കായി യൂറോപ്പ് ഒരുമിച്ച് പ്രവർത്തിക്കണമെന്നും, യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിനുവേണ്ടി നിയമപരമായ മാർഗ്ഗങ്ങൾ ഒരുക്കണമെന്നും, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഏപ്രിൽ ഒന്നാം തീയതി പുറത്തുവിട്ട ഒരു കുറിപ്പിലൂടെ സംഘടന ആവശ്യപ്പെട്ടു.

ലിബിയയുടെ പുറം കടലിൽ, ലാംബെദൂസയോടടുത്ത് ബോട്ടപകടത്തിൽ മരണമടഞ്ഞ പത്തൊൻപത് പേരും അതിശൈത്യം മൂലമായിരിക്കണം മരണമടഞ്ഞതെന്ന് സേവ് ദി ചിൽഡ്രൻ എഴുതി. ഈ അപകടത്തിൽനിന്ന് രക്ഷപെട്ട അൻപത്തിയെട്ട് പേർക്ക് ആവശ്യസൗകര്യങ്ങൾ എത്തിച്ചുകൊടുത്തുവെന്ന് അറിയിച്ച സംഘടന, ഇതിൽ ഏഴ് പേർ പ്രായപൂർത്തിയാകാത്തവരും നാലു പേർ ഒറ്റയ്‌ക്കെത്തിയവരുമാണെന്നും വിശദീകരിച്ചു.

2014 മുതൽ നാളിതുവരെ, യൂറോപ്പിലേക്കുള്ള കുടിയേറ്റ ശ്രമത്തിനിടയിൽ മെഡിറ്ററേനിയൻ കടലിൽ ഏതാണ്ട് 34.500 പേരെങ്കിലും മരണമടയുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ടെന്ന് അറിയിച്ച സേവ് ദി ചിൽഡ്രൻ ഈ വർഷം മാത്രം എണ്ണൂറ് പേരെങ്കിലും ഇത്തരത്തിൽ ഇരകളായിട്ടുണ്ടെന്ന് വ്യക്തമാക്കി. അപകടത്തിൽ മരണമടയുന്നവരിൽ നിരവധി കുട്ടികളുണ്ടെന്നും, കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ പ്രതിവർഷം നൂറിലധികം കുട്ടികൾ വീതം മരണമടയുന്നുണ്ടെന്നും സംഘടന അറിയിച്ചു.

യൂറോപ്പിന് പൊതുവായ ഒരു തിരച്ചിൽ, രക്ഷാസംവിധാനം ഇല്ലാത്തത്, കൊച്ചുകുട്ടികളുൾപ്പെടെ ആയിരക്കണക്കിന് ആളുകളെയാണ് അപകടകരമായ യാത്രകൾക്ക് നിർബന്ധിതരാക്കുന്നതെന്നും, അത്തരമൊരു ഘടനാപരമായ രക്ഷാസംവിധാനം നിലവിൽ വരുന്നത് വരെ മെഡിറ്ററേനിയൻ കടലിൽ ഉണ്ടാകുന്ന മരണങ്ങൾ തുടരുമെന്നും സേവ് ദി ചിൽഡ്രൻ എഴുതി.

Tags

Share this story

From Around the Web