ബിലീവേഴ്‌സ് സ്നേഹാർദ്രം ശിശു വികസന കേന്ദ്രത്തിന്റെ മൂന്നാം വാർഷിക ആഘോഷങ്ങൾ നടന്നു

 
Thiruvalla
തിരുവല്ല : ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശിശു വികസന കേന്ദ്രമായ ബിലീവേഴ്‌സ് സ്നേഹാർദ്രത്തിന്റെ മൂന്നാം വാർഷിക ആഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ടു. ബിലീവേഴ്‌സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഡോ. ജോൺ വല്യത്ത് അധ്യക്ഷനായ ചടങ്ങിൽ വച്ച് കേരളത്തിലെ ശിശു വികസന കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറും കേരള ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. എം കെ സി നായർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഏറ്റവും ദൈവികമായ സാമൂഹിക പ്രവർത്തനം ആരോഗ്യ പ്രവർത്തകരാണ് നിർവഹിക്കുന്നതെന്നും അതിൽ തന്നെ ഏറ്റവും ഉദാത്തമായ പ്രവർത്തനങ്ങളാണ് ശിശു വികസന കേന്ദ്രങ്ങൾ നടത്തി വരുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. വെൺമണി സിഹിയോൻ മാർത്തോമാ പള്ളി വികാരി റവ. ഡോ. സജു മാത്യു വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ബിലീവേഴ്‌സ് ആശുപത്രി പീഡിയാട്രിക്സ് മേധാവി ഡോ. ജിജോ ജോസഫ്, സഞ്ജീവനി ആശുപത്രിയിലെ നിയോനേറ്റോളജി ആൻഡ് പീഡിയാട്രിക്‌സ് വിഭാഗത്തിലെ ഡോ. അരുൺ ചെറിയാൻ മാമ്മൻ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം മേധാവി ഡോ. തോമസ് മാത്യു, നിയോനേറ്റോളജി വിഭാഗം മേധാവി ഡോ. സുമിത അരുൺ, ഡെവലപ്പ്മെന്റൽ പീഡിയാട്രിഷ്യൻ ഡോ. ആൽഫി ക്രിസ്റ്റീൻ തോമസ്, സി ഡി സി സോഷ്യൽ വർക്കർ ശ്രീമതി. ക്രിസ്റ്റിൻ സൈറ ജോൺ, NRC NCD എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ജോൺസൺ ഇടയാറന്മുള, റവ. ഫാ. തോമസ് വർഗീസ് എന്നിവർ പരിപാടിയിൽ സംസാരിച്ചു.
കുട്ടികളിലെ മാനസികവും ബൗദ്ധികവുമായ വെല്ലുവിളികളെ തുടക്കത്തിലെ കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കുന്ന ബിലീവേഴ്‌സ് ആശുപത്രിയുടെ സംരംഭമാണ് ബിലീവേഴ്‌സ് സ്നേഹാർദ്രം. ഇതിലൂടെ അനേകം കുട്ടികൾക്കും മാതാപിതാക്കൾക്കും പിന്തുണ നൽകുവാൻ ഈ മൂന്ന് വർഷങ്ങൾ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. 
സി ഡി സിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും മാതാപിതാക്കളുടെ അനുഭവ വിവരണവും 
റിപ്പോർട്ട് അവതരണവും മൂന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്നു.
ശിശു രോഗ വിഭാഗത്തിൽ 50 വർഷത്തെ സ്തുത്യർഹമായ അധ്യാപന ജീവിതം പൂർത്തിയാക്കിയതിൻ്റെ നിറവിൽ നില്ക്കുന്ന ഡോ. എം കെ സി നായരെ ചടങ്ങിൽ വെച്ച് പൊന്നാട അണിയിച്ച് ആദരിച്ചു.

Tags

Share this story

From Around the Web