ചിന്തകനും ചിത്രകാരനുമായ ഫാ. ആന്റണി ഇട്ടിക്കുന്നത്ത് ഇനി ഓര്‍മ്മ

 
antony 1

ആത്മീയ പ്രബോധനങ്ങളിലൂടെ സമൂഹത്തെ സ്വാധീനിച്ച പ്രമുഖ കര്‍മ്മലീത്താ വൈദികനും ചിന്തകനും ചിത്രകാരനുമായ ഫാ. ആന്റണി ഇട്ടിക്കുന്നത്ത് ഒസിഡി (54) ഇനി ഓര്‍മ. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 


മഞ്ഞുമ്മല്‍ നിഷ്പാദുക കര്‍മ്മലീത്ത സഭാംഗമായ അദ്ദേഹത്തിന്റെ മൃതദേഹം അമലോത്ഭവ മാതാ ദേവാലയത്തിലെ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കരിച്ചു.

വാക്കും വരയും  ദൈവദാനമായി  കണ്ട ഫാ. ആന്റണി തിരുവചന വ്യാഖ്യാനങ്ങളും മനഃശാസ്ത്രപരമായ ഉള്‍ക്കാഴ്ചകളും സമന്വയിപ്പിച്ച് ലളിതമായ ഭാഷയിലാണ് ജനങ്ങളിലേക്ക് എത്തിച്ചത്. 

ആത്മീയതയെ അനുഭവവേദ്യമായ ഒരു യാത്രയായി അവതരിപ്പിച്ച അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ തകര്‍ന്ന മനസുകള്‍ക്ക് ആശ്വാസവും പ്രത്യാശയും നല്‍കി. തന്റെ സര്‍ഗ്ഗാത്മകത ആത്മീയ ശുശ്രൂഷ യുടെ ഭാഗമാക്കിയ അപൂര്‍വം വൈദികരില്‍ ഒരാളായിരുന്നു അദ്ദേഹം.

കറുത്തേടം ഇട്ടിക്കുന്നില്‍ പരേതരായ തോമസ്- കൊച്ചുത്രേസ്യ ദമ്പതികളുടെ മകനാണ്. 2002-ല്‍ വൈദികപട്ടം സ്വീകരിച്ച ഫാ. ആന്റണി, സഭയില്‍ സുപ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 


'ജ്യോതിര്‍ധാര' മാസികയുടെ ചീഫ് എഡിറ്റര്‍, സഭയുടെ പോസ്റ്റുലേറ്റര്‍ ഡയറക്ടര്‍ എന്നീ പദവികള്‍ അലങ്കരിച്ച അദ്ദേഹം കൊളയാട്, കോട്ടയം, തിരുവല്ല, എസ്എല്‍ പുരം, എറണാകുളം, കോഴിക്കോട്, മുംബൈ എന്നി വിടങ്ങളിലെ ആശ്രമങ്ങളിലും മഞ്ഞുമ്മല്‍ സിആര്‍സിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിവിധ ആശ്രമങ്ങളില്‍ സുപ്പീരിയറായിരുന്നു.

Tags

Share this story

From Around the Web