കുട്ടികളെ ആത്മവിശ്വാസത്തോടെ വളര്‍ത്താന്‍ മാതാപിതാക്കള്‍ അറിയേണ്ട കാര്യങ്ങള്‍

 
parents



നമ്മുടെ കുട്ടികള്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കാന്‍ നമ്മള്‍ തയ്യാറാകാറുണ്ടോ? പലപ്പോഴും കുട്ടികള്‍ പറഞ്ഞ് തീരുന്നതിന് മുന്‍പ് തന്നെ അവര്‍ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് നമുക്കറിയാമെന്ന് മാതാപിതാക്കള്‍ ചിന്തിക്കാറുണ്ട്. 

കുട്ടികള്‍ക്ക് ലോകത്തെക്കുറിച്ച് പഠിക്കാന്‍ ഇനിയും ഒരുപാട് കാര്യങ്ങളുണ്ടെന്നും അവര്‍ക്കറിയാത്ത പലതും തങ്ങള്‍ക്കറിയാമെന്നും കരുതുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. തങ്ങളുടെ തിരക്കുകള്‍ക്കിടയില്‍ കാര്യങ്ങള്‍ പെട്ടെന്ന് ചുരുക്കി പറയാന്‍ പലപ്പോഴും മാതാപിതാക്കള്‍ കുട്ടികളോട് ആവശ്യപ്പെടാറുണ്ട്. എന്നാല്‍ കുട്ടികളുമായുള്ള ആശയവിനിമയത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നത് അവരെ പൂര്‍ണമായി കേള്‍ക്കുക എന്നതാണ്.

ആക്ടീവ് ലിസണിങ്ങിന്റെ പ്രാധാന്യം
കുട്ടികള്‍ സംസാരിക്കുമ്പോള്‍ നമ്മള്‍ പലപ്പോഴും അവരെ കേള്‍ക്കുകയോ അവരോട് തിരിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയോ ചെയ്യാറില്ല. കുട്ടികളെ സജീവമായി കേള്‍ക്കുക എന്നതിനര്‍ഥം അവര്‍ പറയുന്ന കാര്യങ്ങള്‍ പൂര്‍ണ ശ്രദ്ധയോടെ കേള്‍ക്കുക എന്നതാണ്.


 നിങ്ങളുടെ മനസിലോടുന്ന മറ്റ് കാര്യങ്ങളും തിരക്കുകളും കുറച്ചുനേരത്തേക്ക് മാറ്റിവെച്ച് കുട്ടികള്‍ക്ക് പറയാനുള്ളത് മുഴുവനായി കേള്‍ക്കാന്‍ ശ്രമിക്കുക. അവര്‍ പറയുന്ന വാക്കുകള്‍ മാത്രമല്ല, അവരുടെ സംസാര രീതിയും അവര്‍ എങ്ങനെയാണ് കാര്യങ്ങളെ ഉള്‍ക്കൊണ്ടിരിക്കുന്നത് എന്നതുമെല്ലാം മനസിലാക്കാന്‍ ഇതിലൂടെ സാധിക്കും.

മുന്‍വിധികളില്ലാതെ അവരെ മനസിലാക്കുക
പലപ്പോഴും കുട്ടികള്‍ക്ക് തങ്ങളുടെ ഉള്ളിലുള്ള വിഷമങ്ങള്‍ തുറന്നുപറയാനും, അത് കേട്ട് മനസിലാക്കുന്ന ഒരാളെയുമാണ് ആവശ്യം. ഈ സമയത്ത് കുട്ടികളെ തിരുത്താനോ, ചോദ്യം ചെയ്യാനോ, ഉപദേശിക്കാനോ നില്‍ക്കാതെ അവര്‍ക്ക് പറയാനുള്ളത് തടസങ്ങളില്ലാതെ കേള്‍ക്കുക. കുട്ടികള്‍ പറയുന്നതിനോട് നിങ്ങള്‍ പൂര്‍ണമായും യോജിക്കുന്നു എന്നല്ല ഇതിനര്‍ഥം, മറിച്ച് അവരുടെ കാഴ്ചപ്പാടുകള്‍ സ്വീകരിക്കുന്നതിലൂടെ അവരുടെ സ്വന്തം വികാരങ്ങളെക്കുറിച്ച് വ്യക്തമായി ചിന്തിക്കാന്‍ അവരെ അനുവദിക്കുകയാണ് ചെയ്യുന്നത്.


കുട്ടികളെ പൂര്‍ണമായി കേള്‍ക്കുമ്പോള്‍ സംഭവിക്കുന്നത് എന്ത്?

മാതാപിതാക്കള്‍ തങ്ങളെ ശ്രദ്ധയോടെ കേള്‍ക്കുന്നുവെന്ന് മനസിലാക്കുമ്പോള്‍, തങ്ങള്‍ക്ക് പരിഗണന ലഭിക്കുന്നുണ്ടെന്നും തങ്ങളുടെ വാക്കുകള്‍ക്ക് വിലയുണ്ടെന്നും കുട്ടികള്‍ക്ക് തോന്നും. ഇത് അവരുടെ ആവശ്യങ്ങളും ആശങ്കകളും ശരിയായ രീതിയില്‍ മനസിലാക്കാന്‍ മാതാപിതാക്കളെ സഹായിക്കും. കുട്ടികളുടെ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും നമ്മള്‍ തന്നെ പരിഹാരം കണ്ടെത്തണമെന്നില്ല, മറിച്ച് അവര്‍ക്ക് സ്വന്തമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അവസരം നല്‍കുകയും അവരിലുള്ള നമ്മുടെ വിശ്വാസം കാണിച്ചുകൊടുക്കുകയുമാണ് വേണ്ടത്. ഇത് അവരുടെ പ്രശ്‌നപരിഹാര ശേഷി വര്‍ധിപ്പിക്കുകയും അവരുടെ ആത്മവിശ്വാസവും മറ്റുള്ളവരോടുള്ള സഹാനുഭൂതിയും ഉയര്‍ന്ന തലത്തിലെത്തിക്കാന്‍ സഹായിക്കുകയും ചെയ്യും. ഭാവിയില്‍ ആരോഗ്യകരമായ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന ഉത്തരവാദിത്തമുള്ള വ്യക്തികളായി വളരാന്‍ ഇത് അവരെ പ്രാപ്തരാക്കും.


ആശയവിനിമയം ഇരുവശത്തേക്കും ആയിരിക്കണം
നല്ല മാതാപിതാക്കള്‍ ആകാന്‍ നാം പല കാര്യങ്ങളും ചെയ്യാറുണ്ട്. കുട്ടികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും അവരില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് പറയുകയും ചെയ്യും. എന്നാല്‍ ആശയവിനിമയം എന്നത് എപ്പോഴും ഒരു വശത്ത് നിന്ന് മാത്രമുള്ളതാകരുത്. നമ്മുടെ കുട്ടികള്‍ എന്താണെന്ന് അറിയണമെങ്കില്‍ അവര്‍ പറയുന്നത് നമ്മള്‍ കേള്‍ക്കണം. 

എങ്കില്‍ മാത്രമേ ഭാവിയില്‍ അവര്‍ക്ക് നമ്മളോട് കാര്യങ്ങള്‍ തുറന്നു സംസാരിക്കാനുള്ള ഒരു ധൈര്യം ലഭിക്കുകയുള്ളൂ. ആശയവിനിമയം മികച്ചതാകുന്നതിലൂടെ കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാവുകയും അവര്‍ക്ക് എപ്പോഴും ആശ്രയിക്കാന്‍ കഴിയുന്ന ഒരു സുരക്ഷിത ഇടമായി മാതാപിതാക്കള്‍ മാറുകയും ചെയ്യും.

Tags

Share this story

From Around the Web