വൈരാഗ്യം കൊണ്ടാണ് അവർ വീടിന് തീവെച്ചത്, പോയപ്പോ ആ മൂന്ന് കുട്ടികളും പോയി'; ജർമനിയിലെ തീവെപ്പിന് പിന്നിൽ ഉടമകൾ തമ്മിലുള്ള തർക്കമെന്ന് റിപ്പോർട്ട്
ഇടുക്കി: ജർമനിയിൽ മലയാളികൾ മരണപ്പെട്ട സംഭവത്തിൽ തീവെപ്പിന് കാരണം അപ്പാർട്ട്മെന്റ് ഉടമകൾ തമ്മിലുള്ള തർക്കമെന്ന് റിപ്പോർട്ട്. ഉടമകൾ തമ്മിൽ നേരത്തെ തർക്കം നിലനിന്നിരുന്നുവെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നും മരിച്ച മലയാളികളുടെ ബന്ധുക്കൾ പറഞ്ഞു.
മലയാളികൾ താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് ഉടമ സ്ഥലത്തില്ലാതിരുന്ന സമയത്താണ് തീവെപ്പ് നടന്നത്. ചൊവ്വാഴ്ച നടന്ന വിവരം മരിച്ചവരുടെ കുടുംബങ്ങൾ ഇന്നലെ വൈകിട്ടാണ് അറിയുന്നത്.
'അപ്പാർട്ട്മെന്റിലുണ്ടായിരുന്ന രണ്ട് വ്യക്തികൾ തമ്മിലുണ്ടായ വഴക്കാണ് അപകടത്തിന് കാരണമായത്. ഇവർ തമ്മിൽ മുൻപും പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് നമുക്ക് കിട്ടിയ വിവരം. തൊട്ടടുത്തുള്ള വലിയൊരു ആശുപത്രിയിൽ തന്നെയാണ് അവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. മൃതദേഹം നാട്ടിലെത്തിക്കാൻ എംപിയും മന്ത്രിയുമെല്ലാം ഇടപെട്ടിട്ടുണ്ട്. നമുക്ക് ചെയ്യാനാകുന്ന കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. ഇവിടത്തേത് പോലുള്ള നിയമങ്ങളല്ലല്ലോ അവിടെയുള്ളത്. ശ്രമിക്കുന്നുണ്ട്.' പഞ്ചായത്തംഗം അപ്പുക്കുട്ടൻ പറഞ്ഞു.
ജർമനിയിലെ താമസസ്ഥലത്തുണ്ടായിരുന്ന തീപ്പിടിത്തത്തിൽ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർ മരണപ്പെട്ടെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇടുക്കി കട്ടപ്പന സ്വദേശിനി നോവ സാബു(26), കൊല്ലം ചെമ്മക്കാട് സ്വദേശിനി അഞ്ജലി ജോയ്, കാലടി സ്വദേശി സിവിൻ ജോണി എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ. ജോലിക്കായി ആറ് മാസങ്ങൾക്ക് മുൻപാണ് നോവ ജർമനിയിലേക്ക് പോയത്. കെട്ടിടത്തിന് തീവെച്ചതാണോയെന്ന് പൊലീസും സംശയിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സംഭവത്തിൽ കുറ്റക്കാരനെന്ന് സംശയിക്കുന്ന 41-കാരനായ റൊമാനിയൻ പൗരനെ ജർമൻ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് അധികൃതരെ ഉദ്ദരിച്ച് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പുക ശ്വസിച്ച് അവശരായ അഞ്ച് പേരെ രക്ഷപ്പെടുത്തി തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്. ഇവർ ഏതെല്ലാം രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് വ്യക്തമല്ല. അഞ്ജലി ഷീല ജോയിയുടേത് ഉൾപ്പെടെ മൂന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതടക്കമുള്ള തുടർനടപടികൾക്ക് മന്ത്രി പി.സി വിഷ്ണുനാഥ് സഹായം ഉറപ്പുനൽകിയിട്ടുണ്ട്. നോർക്ക എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.