മക്കള്‍ പറയുന്ന ഈ ഏഴ് കാര്യങ്ങള്‍ അത്ര ക്യൂട്ടല്ല, ചെറുപ്രായത്തില്‍ തിരുത്തിയില്ലെങ്കില്‍ വന്‍ തിരിച്ചടി, ഇക്കാര്യങ്ങള്‍ അറിഞ്ഞുവെക്കാം...

 
ANGRY FACE


സ്‌കൂള്‍, ടെലിവിഷന്‍, കളിസ്ഥലം തുടങ്ങി തങ്ങളിടപഴകുന്ന സ്ഥലങ്ങളില്‍ നിന്ന് ലഭിക്കുന്ന പദപ്രയോഗങ്ങള്‍ ഞൊടിയിട വേഗത്തിലാണ് നമ്മുടെ കുട്ടികള്‍ മനസ്സിലാക്കിവെക്കുക. അപ്രതീക്ഷിതമായ സാഹചര്യങ്ങളില്‍ മക്കള്‍ ഈ വാക്കുകള്‍ ഉപയോഗിക്കുന്നത് കേട്ട് മാതാപിതാക്കള്‍ ആശ്ചര്യപ്പെടുകയും അത്ഭുതം കൂറിയിരിക്കാറുമുണ്ട്, ഉപയോഗിക്കുന്ന പദപ്രയോഗങ്ങള്‍ എത്രതന്നെ നല്ലതായാലും ചീത്തയായാലും.


കുട്ടികളല്ലേ, ഇതത്ര കാര്യമാക്കാനും മാത്രമൊന്നുമില്ലെന്ന് പറഞ്ഞ് ഇത്തരം പദപ്രയോഗങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നവരാണോ നിങ്ങള്‍? ക്യൂട്ടെന്നും നിഷ്‌കളങ്കരെന്നും പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ. ചെറുപ്രായത്തിലേ കുട്ടികള്‍ മനസ്സിലാക്കിവെച്ച ചില മോശം വാക്കുകള്‍ തിരുത്താന്‍ ഉടനടി നാം തയ്യാറായിട്ടില്ലെങ്കില്‍, അവ പിന്നീട് കുട്ടിയുടെ സ്വഭാവത്തെ ദോഷകരമായി ബാധിച്ചേക്കുമെന്നാണ് ചൈല്‍ഡ് സൈക്കോളജിസ്റ്റുകള്‍ പറയുന്നത്. ചെറുപ്രായത്തില്‍ നിസാരമെന്ന് തോന്നിപ്പിക്കുമെങ്കിലും ഈ മോശം പ്രയോഗങ്ങള്‍ എടുത്തുകളയുന്നതിലൂടെ കുട്ടികള്‍ക്ക് ആത്മവിശ്വാസം, ബഹുമാനം, പക്വത, വൈകാരിക പ്രകടനങ്ങളിലെ വ്യക്തത എന്നിവ കൈവരിക്കാനിടയാക്കിയേക്കും.

'ഞാനെന്തൊരു വിഡ്ഢിയാണ്!'; സാധാരണയായി ഒട്ടുമിക്ക കുട്ടികളും സ്ഥിരമായി ഉപയോഗിക്കാറുള്ള വാക്കാണിത്. ദേഷ്യം വരുമ്പോഴും മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോഴുമെല്ലാം കുട്ടികള്‍ ഈ വാക്ക് എടുത്തുപയോഗിച്ചേക്കും. ചെറുപ്പത്തിലേ ഇത് തിരുത്തിയില്ലെങ്കില്‍ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ തിരിച്ചടിയായേക്കുമെന്നാണ് മനശ്ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

തെറ്റുകളെല്ലാം മനുഷ്യസഹജമാണെന്നും ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്താലേ ലക്ഷ്യം കൈവരിക്കാനാകൂവെന്നും മക്കളെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ മാതാപിതാക്കള്‍ക്കാകണം. അടുത്ത തവണ കുട്ടികള്‍ ഈ വാക്കുകള്‍ പറയാന്‍ പോകുന്നതിന് മുന്‍പ് തന്നെ, 'നീ പഠിച്ചുകൊണ്ടിരിക്കുകയാണ്, ഇതൊന്നും അത്ര വലിയ തെറ്റോ വിഡ്ഢിത്തമോ അല്ലെ'ന്ന് അവരെ പറഞ്ഞുമനസിലാക്കാം.

'എനിക്ക് നിന്നോട് വെറുപ്പാണ്'; ദേഷ്യം വരുമ്പോ മിക്കവാറും നമ്മുടെ മക്കളും ഇക്കാര്യം എടുത്തപടി വിളിച്ചുപറഞ്ഞിട്ടുണ്ടാകാം. ഈ വാക്കിന്റെ ആഴമോ കാഠിന്യമോ ഒന്നും അറിയാതെയാണ് ഇവരിത് പ്രയോഗിക്കുന്നതെന്നതില്‍ സംശയമില്ല. നമ്മുടെ മക്കളല്ലേ, കൊച്ചല്ലേ എന്നൊക്കെ പറഞ്ഞ് ഇതിനെ നിസാരവല്‍ക്കരിക്കാനാണ് തീരുമാനമെങ്കില്‍ നിങ്ങള്‍ അനുഭവിക്കുമെന്നത് തീര്‍ച്ച.

കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതിന് പകരം, പ്രിയപ്പെട്ടയാളുകളോട് ഒരുകാരണവശാലും പറയേണ്ട വാക്കല്ല ഇതെന്ന് അവരെ പറഞ്ഞുമനസിലാക്കണം, അതെത്ര പ്രയാസമുള്ള കാര്യമാണെങ്കിലും. പകരമായി, 'എനിക്കത് ഇഷ്ടമായില്ല, ദേഷ്യം വരുന്നു' എന്നെല്ലാം തുറന്ന് പറയുന്നതാണ് അഭികാമ്യമെന്ന് ബോധ്യപ്പെടുത്തണം.

 ആരോഗ്യകരവും പരസ്പര ബഹുമാനത്തോടെയുമുള്ള ഇത്തരം ആശയവിനിമയരീതികള്‍ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ വലിയ മുതല്‍ക്കൂട്ടായിരിക്കും.
ഇതെന്തൊരു അന്യായമാണ്'; അവരാഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ കുട്ടികള്‍ പതിവായി പറയുന്ന വാചകമാണിത്. എന്നാല്‍, ഇതും പരിധിവിട്ട് പ്രോത്സാഹിപ്പിക്കേണ്ട ഒന്നല്ല. അധികമായി ഈ വാക്കുകള്‍ ഉപയോഗിക്കുന്നതിലൂടെ മുന്നിലുള്ളതെല്ലാം അനീതിയായി അവര്‍ക്ക് തോന്നിത്തുടങ്ങും.


ഇങ്ങനെ സംഭവിക്കാതിരിക്കാനായി, ജീവിതമെന്നത് ന്യായ-അന്യായങ്ങളും കലര്‍ന്നതാണെന്നും നമ്മളാഗ്രഹിക്കുന്നത് മാത്രമേ നമുക്ക് ലഭിക്കാന്‍ പാടുള്ളൂവെന്ന് വാശി പിടിക്കരുതെന്നും അവരെ പറഞ്ഞുമനസിലാക്കിക്കൊടുക്കാം. അന്യായമായി വല്ലതും നേരിട്ടെങ്കില്‍ തന്നെയും മാന്യമായും ശാന്തമായും പരാതികള്‍ പ്രകടിപ്പിക്കാം.
'എന്നെക്കൊണ്ടാവില്ല'; കേള്‍ക്കുമ്പോള്‍ നിഷ്‌കളങ്കമായി തോന്നാം. കുട്ടികളുടെ ആത്മവിശ്വാസം അമ്പാടെ കെടുത്തിക്കളയുന്ന ഇതിലും വലിയൊരു വാചകം വേറെയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നെക്കൊണ്ടാവില്ലെന്ന് മക്കള്‍ പറയുന്ന സാഹചര്യങ്ങളില്‍ മാതാപിതാക്കള്‍ പറഞ്ഞുകൊടുക്കേണ്ടതിങ്ങനെ, 'ഇപ്പോ ഒരുപക്ഷേ സാധിക്കില്ലായിരിക്കും, കഠിനാധ്വാനവും ആത്മവിശ്വാസവുമുണ്ടെല്‍ ഭാവിയില്‍ എന്നെക്കൊണ്ടത് സാധിക്കും'. ഈ ചെറിയൊരു തിരുത്ത് ഭാവിയിലെ വെല്ലുവിളികളെ തരണം ചെയ്യാന്‍ മക്കളെ പ്രാപ്തരാക്കും.


ഇതെന്റെ തെറ്റല്ല!; ആരെങ്കിലും ചീത്ത പറയുമെന്ന് പേടിച്ചിരിക്കുമ്പോഴാണ് കുട്ടികള്‍ സാധാരണയായി ഇക്കാര്യം പറയാറുള്ളത്. ഉള്ളത് പറഞ്ഞാല്‍ മാതാപിതാക്കള്‍ തല്ലുമോ, ചീത്ത പറയുമോയെന്ന ഭയം അവരെ കീഴടക്കുമ്പോള്‍ മറ്റുള്ളവരെ പഴിചാരാന്‍ ശ്രമം നടത്തും. തെറ്റുകള്‍ ഏതൊരാള്‍ക്കും സംഭവിക്കുമെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതാണ് പക്വതയെന്നും അവരെ ബോധ്യപ്പെടുത്തണം. 'എനിക്കൊരു തെറ്റുപറ്റി, ഞാനത് ശരിയാക്കാം' എന്ന് പറയാന്‍ അവരെ പഠിപ്പിക്കണം. ഇതിലൂടെ ജീവിതകാലം ഉടനീളം നീണ്ടുനില്‍ക്കുന്ന ഉത്തരവാദിത്തബോധമെന്ന ക്വാളിറ്റി നിലനിര്‍ത്താന്‍ സാധിച്ചേക്കും.

എനിക്ക് മടുക്കുന്നു; സ്‌ക്രീന്‍ഭ്രമം അടിക്കടി വര്‍ധിച്ചുകൊണ്ടിരിക്കുന്ന പുതിയ കാലത്ത് മക്കള്‍ സ്ഥിരമായി പറയുന്ന വാചകമാണിത്' എനിക്ക് ബോറടിക്കുന്നു'വെന്നത്. തങ്ങള്‍ക്ക് അവസാനമില്ലാത്ത വിനോദങ്ങള്‍ വേണമെന്ന ആവശ്യത്തില്‍ നിന്നായിരിക്കും ഈ വാചകം വരുന്നത്. കൃത്യമായ നിരീക്ഷണവും നിയന്ത്രണവും മാതാപിതാക്കള്‍ ഉറപ്പുവരുത്തുന്നത് വഴി ഈ ബോറിങ് സമയങ്ങളെ കൂടുതല്‍ ക്രിയേറ്റീവാക്കി മാറ്റാന്‍ സാധിച്ചേക്കും. 

മക്കളുടെ ഹോബി കണ്ടുപിടിക്കാനും ഭാവനാശേഷി വര്‍ധിപ്പിക്കാനും ഈ സമയങ്ങളെ ഉപയോഗപ്പെടുത്താം.
'എന്നെ ആര്‍ക്കും ഇഷ്ടമില്ല'; ഒട്ടുമിക്ക മക്കളും തമാശക്ക് പറയുന്നതാണെങ്കിലും, കുട്ടികളുടെ സഭാകമ്പം, ഉത്കണ്ഠ എന്നിവയിലേക്ക് വെളിച്ചം വീശേണ്ടുന്ന, മാതാപിതാക്കളുടെ ശ്രദ്ധ ക്ഷണിക്കുന്ന വാചകം കൂടിയാണിത്. ചെറുതായൊന്ന് അസ്വസ്ഥരാകുമ്പോഴേക്കും കുട്ടികള്‍ ഇത്തരത്തിലുള്ള പ്രയോഗങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ എത്രയും വേഗം തിരുത്തുന്നതായിരിക്കും നല്ലത്, ഒറ്റക്കാകുമ്പോഴോ മറ്റോ ഉണ്ടാകുന്ന അസ്വസ്ഥതകളെ പോലും ശാന്തതയോടെ, സംയമനത്തോടെ മനസ്സിലാക്കുകയും വികാരപ്രകടനങ്ങള്‍ നടത്താനും അവരെ പഠിപ്പിക്കണം.

Tags

Share this story

From Around the Web