ഈ അഞ്ച് വിശുദ്ധര്‍ 2027 സോള്‍ വേള്‍ഡ് യൂത്ത് ഡേയുടെ പ്രത്യേക മധ്യസ്ഥര്‍
സോള്‍/ദക്ഷിണ കൊറിയ: സോള്‍ നഗരത്തില്‍ നടക്കാനിരിക്കുന്ന 2027 വേള്‍ഡ് യൂത്ത് ഡേ യുടെ പ്രത്യേക മധ്യസ്ഥരായി അഞ്ച് വിശുദ്ധരെ പ്രഖ്യാപിച്ചു. ലോകയുവജനദിനാചരണത്തിന്റെ സ്ഥാപകനായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ, കൊറിയയിലെ ആദ്യ കത്തോലിക്ക വൈദികനും രക്തസാക്ഷിയുമായ ആന്‍ഡ്രൂ കിം റ്റീഗണ്‍, കുടിയേറ്റക്കാരുടെ പ്രത്യേക മധ്യസ്ഥയായ ഫ്രാന്‍സിസ് സേവ്യര്‍ കബ്രീനി, മനുഷ്യക്കടത്തിനിരയായവരുടെ പ്രത്യേക മധ്യസ്ഥയായ ജോസഫൈന്‍ ബക്കീത്ത, ഇന്റര്‍നെറ്റിന്റെ സാധ്യകളുപയോഗിച്ച് ദിവ്യകാരുണ്യഭക്തി പ്രചരിപ്പിച്ച യുവ വിശുദ്ധനായ കാര്‍ലോ അക്യുട്ടിസ് എന്നിവരെയാണ് സോളില്‍ നടക്കുന്ന അടുത്ത ലോകയുവജനദിനാഘോഷത്തിന്റെ പ്രത്യേക മധ്യസ്ഥരായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്നത്തെ ലോകം നേരിടുന്ന പീഡനം, കുടിയേറ്റം, മറ്റ് സാമൂഹിക വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങളുമായി ഈ വിശുദ്ധരുടെ ജീവിതം അടുത്ത ബന്ധം പുലര്‍ത്തുന്നതായി സംഘാടകര്‍ ചൂണ്ടിക്കാണിച്ചു.
തങ്ങളുടെ ജീവിതസാഹചര്യത്തില്‍ യുവജനങ്ങള്‍ക്ക് അനുകരിക്കാവുന്ന മാതൃകകളാണ് സോള്‍ വേള്‍ഡ് യൂത്ത് ഡേയുടെ പ്രത്യേക മധ്യസ്ഥരായി തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധരെന്ന് കൊറിയന്‍ ആര്‍ച്ചുബിഷപ്പും ലോകയുവജനസമ്മേളനത്തിന്റെ സംഘാടക കമ്മിറ്റി പ്രസിഡന്റുമായ പീറ്റര്‍ സൂണ്‍-റ്റായിക്ക് ചംഗ് പറഞ്ഞു. ജീവിതത്തിന്റെ വേറിട്ട തുറകളില്‍ വിശ്വാസം ജീവിച്ച് വിജയകരമായി പൂര്‍ത്തിയാക്കിയ ഈ വിശുദ്ധരുടെ മാതൃക, വേള്‍ഡ് യൂത്ത് ഡേക്കായി തയാറെടുത്തുകൊണ്ടിരിക്കുന്ന ലോകമെമ്പാടുമുള്ള യുവതയ്ക്ക് മാര്‍ഗദീപമാകും.