'ചെയ്തതില്‍ ഒരു കുറ്റബോധവുമില്ല, കാരണമുണ്ട്'; ഭര്‍ത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ ഭാര്യയുടെ മൊഴി!
യുപി: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഭര്‍ത്താവ് അതുല്‍ പന്‍വാറിനെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഭാര്യ ദാമിനി പോലീസിന് നല്‍കിയത് ഞെട്ടിക്കുന്ന മൊഴി.
ഭര്‍ത്താവിന്റെ ക്രൂരമായ മര്‍ദ്ദനവും പരസ്ത്രീ ബന്ധവുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും അതുലിന്റെ മരണത്തില്‍ തനിക്ക് യാതൊരുവിധ കുറ്റബോധവുമില്ലെന്നും ദാമിനി പോലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജയിലിലേക്ക് അയച്ചു.
ഏഴു വര്‍ഷം മുന്‍പുള്ള പ്രണയവിവാഹമായിരുന്നെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷം അതുല്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങിയെന്നും 2022-ല്‍ ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതായും ദാമിനി മൊഴി നല്‍കി.
ഇതേത്തുടര്‍ന്ന് വേര്‍പിരിയാന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ ഇടപ്പെട്ട് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. പിന്നീട് ഇവര്‍ നടത്തിയ പ്ലേ സ്‌കൂളില്‍ വാന്‍ ഡ്രൈവറായി എത്തിയ തുഷാറുമായി ദാമിനി പ്രണയത്തിലായി.
ഭര്‍ത്താവിനെ ഇല്ലാതാക്കി ഇയാളുടെ പേരിലുള്ള 36 സെന്റ് ഭൂമിയും 20 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുകയും കൈക്കലാക്കി ഒരുമിച്ച് ജീവിക്കാനായിരുന്നു ദാമിനിയും തുഷാറും പദ്ധതിയിട്ടത്. പഴയൊരു പാമ്പുകടി കൊലപാതകക്കേസിനെക്കുറിച്ച് ഓണ്‍ലൈനില്‍ വായിച്ചറിഞ്ഞാണ് ദാമിനി ഈ കൊലപാതകം ആസൂത്രണം ചെയ്തത്.
ആ കേസില്‍ പ്രതികള്‍ ഇരയെ ശ്വാസം മുട്ടിച്ച ശേഷം വിഷമില്ലാത്ത പാമ്പിനെ വിട്ടതുകൊണ്ടാണ് പിടിയിലായതെന്ന് മനസിലാക്കിയ ദാമിനി, പോസ്റ്റ്മോര്‍ട്ടത്തില്‍ പാമ്പുകടിയെന്ന് മാത്രം തെളിയാന്‍ ഏറ്റവും മാരകവിഷമുള്ള പാമ്പിനെ ഗൂഗിളില്‍ തിരഞ്ഞുപിടിക്കുകയായിരുന്നു.
തുടര്‍ന്ന് ജൂലൈ 7-ന് തുഷാര്‍ വഴി സോനു, ഉദയ് എന്നീ പാമ്പുപിടുത്തക്കാര്‍ക്ക് 15,000 രൂപ അഡ്വാന്‍സ് നല്‍കി. ആകെ 5 ലക്ഷം രൂപയ്ക്കാണ് പാമ്പിനെ എത്തിക്കാന്‍ ഇടപാട് ഉറപ്പിച്ചത്. തുടര്‍ന്ന് പാമ്പിനെ സ്‌കൂളിലെ പെട്ടിയില്‍ ഒളിപ്പിച്ചുവെച്ചു.
ജൂലൈ 16-ന് രാത്രി ദാമിനി ഭക്ഷണത്തില്‍ 12-ഓളം ഉറക്കഗുളികകള്‍ കലര്‍ത്തി നല്‍കി അതുലിനെ ബോധരഹിതനാക്കി. ജൂലൈ 17 പുലര്‍ച്ചെ 5 മണിയോടെ തുഷാറും പാമ്പുപിടുത്തക്കാരും വീട്ടിലെത്തി, ഉറങ്ങിക്കിടന്ന അതുലിന്റെ ബെഡ്ഷീറ്റിനടിയിലേക്ക് കടുംവിഷമുള്ള പാമ്പിനെ തുറന്നുവിട്ടു.
പാമ്പ് കടിച്ച് അതുല്‍ ബോധരഹിതനായതോടെ, ഒന്നും അറിയാത്ത ഭാവത്തില്‍ ദാമിനി തന്നെ അയല്‍ക്കാരെയും വീട്ടുകാരെയും വിളിച്ച് പാമ്പ് കടിച്ചെന്ന് അറിയിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം തുഷാര്‍ സ്ഥലത്തെത്തി ബന്ധുക്കള്‍ക്കൊപ്പം കരയുകയും ശവസംസ്‌കാരം വേഗത്തിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു.
എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിനും പോലീസ് അന്വേഷണത്തിനും വഴിയൊരുങ്ങിയതോടെ തുഷാര്‍ മുങ്ങി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
നിലവില്‍ അതുല്‍-ദാമിനി ദമ്പതികളുടെ മകന്‍ മണിക് അതുലിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണുള്ളത്.